കനത്ത മഞ്ഞ്: കണ്ണൂരും മം​ഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി, കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

By Web TeamFirst Published Sep 26, 2021, 8:54 AM IST
Highlights

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു

തിരുവനന്തപുരം മോശം കാലാവസ്ഥയെ തുട‍ർന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. കണ്ണൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മം​ഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്. 

മോശം കാലാവസ്ഥയെ തുട‍ർന്നാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടതെന്നാണ് വിവരം. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയ‍ർ ഇന്ത്യ വിമാനവും മം​ഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാ‍ർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. വൈകാതെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയ‍ർ ഇന്ത്യ അധികൃതരും വ്യക്തമാക്കി.

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു. എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകുന്നതാണ് കാരണം. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാൻ സാധിക്കാതെ വിമാനത്താവളത്തിൽ തന്നെ കിടക്കുന്നത്. വിമാനത്തിലെ 186 യാത്രക്കാരും വിമാനത്താവളത്തിലെ ലോഞ്ചിൽ തന്നെ കഴിയുകയാണ്. ഇവരിൽ 30 പേ‍ർ കുട്ടികളാണ്. വിമാനത്താവള അധികൃതരും സ്ഥലത്തെത്തിയില്ലെന്ന് യാത്രക്കാ‍ർ പരാതി ഉന്നയിച്ചു. 

click me!