കോവിഡ് 19: പത്തനംതിട്ടയിലെ രണ്ട് ആശുപത്രികള്‍ മുഴുവനായും ക്യാംപാക്കി മാറ്റും

By Web TeamFirst Published Mar 9, 2020, 11:40 AM IST
Highlights

റാന്നിയിലെ അയ്യപ്പ മെഡിക്കല്‍ കോളേജ്, പന്തളത്തെ അര്‍ച്ചന ഹോസ്‍പിറ്റല്‍ എന്നീ ആശുപത്രികളാണ് താത്കാലിക ക്യാംപുകളായി മാറ്റുക. നിലവില്‍ അടച്ചിട്ടിരിക്കുന്ന ഈ രണ്ട് ആശുപത്രികളിലും ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. 

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 ഭീതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിപുലമായ പ്രതിരോധനടപടികള്‍ സ്വീകരിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയിലെ രണ്ട് ആശുപത്രികള്‍ പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം റാന്നിയിലേയും പന്തളത്തേയും രണ്ട് സ്വകാര്യ ആശുപത്രികളാണ് പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റുന്നത്. നിലവില്‍ അടച്ചിട്ടിരിക്കുന്ന ഈ രണ്ട് ആശുപത്രികളും താത്കാലിക ഐസൊലേഷന്‍ ക്യാംപാക്കി മാറ്റുന്നതിനായി മാനേജ്‍മെന്‍റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. 

റാന്നിയിലെ അയ്യപ്പ മെഡിക്കല്‍ കോളേജ്, പന്തളത്തെ അര്‍ച്ചന ഹോസ്‍പിറ്റല്‍ എന്നീ ആശുപത്രികളാണ് താത്കാലിക ക്യാംപുകളായി മാറ്റുന്നത്. ഈ രണ്ട് ആശുപത്രികളും ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കോവിഡ് 19 ബാധയില്‍ മൂവായിരത്തോളം പേര്‍ ജില്ലയില്‍ മാത്രം നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് ഇത്രയും വിപുലമായ പ്രതിരോധ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് 19നെ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് താത്കാലിക ക്യാംപുകള്‍ ക്രമീകരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി. 

അതേസമയം കോവിഡ് 19 ബാധിതരായിരുന്ന ഇറ്റാലിയന്‍ പ്രവാസി കുടുംബം സന്ദര്‍ശിക്കുകയും അടുത്ത് ഇടപഴക്കുകയും ചെയ്ത കൂടുതല്‍ പേരെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. വീടുകളില്‍ നിരീക്ഷണത്തിലുള്ള പത്ത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പ്രവാസികുടുംബത്തിന്‍റെ കൊല്ലത്തെ എട്ടോളം ബന്ധുക്കളെ നേരത്തെ തന്നെ ഐസൊലേഷന്‍ ക്യംപുകളിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ഒന്‍പത് സാംപിളുകളാണ് പത്തനംതിട്ടയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 
 
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലെ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മാസ്‍കുകള്‍ നിര്‍ബന്ധമാക്കിയതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പഞ്ചിംഗ് നിര്‍ത്തിലാക്കിയിട്ടുണ്ട്.  പത്തനംതിട്ട ജില്ലാ കോടതിയിൽ റഗുലർ സിറ്റിംഗ് 13 വരെ നിര്‍ത്തി വച്ചു. 

click me!