
തിരുവനന്തപുരം: വെങ്ങാനൂർ എസ് ബി ഐ ബാങ്കിന് മുന്നിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് എ.എസ്.ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. വെണ്ണിയൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ പ്രഭാകരൻ നായർക്ക് (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വാഴിച്ചൽ സ്വദേശി ശരത്തിനും (35) പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനിടയിൽ റോഡിലുടനീളം കറൻസി നോട്ടുകൾ ചിതറിപ്പറന്നത് കൗതുകത്തോടൊപ്പം ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തു. വെണ്ണിയൂരിൽ പലചരക്ക് കടയും കാർഷിക ഉപകരണ വിൽപ്പന കേന്ദ്രവും നടത്തുന്ന പ്രഭാകരൻ നായർ ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയ ഒന്നര ലക്ഷത്തോളം രൂപയാണ് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണത്. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ റോഡിൽ ചിതറിക്കിടന്ന പണം മുഴുവൻ ശേഖരിച്ച് പോലീസിനെ ഏൽപ്പിച്ചു. മാതൃകാപരമായ ഈ പ്രവർത്തിക്ക് നാട്ടുകാരെ പോലീസ് അഭിനന്ദിച്ചു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam