Latest Videos

രോ​ഗിയുടെ മരുന്ന് മറിച്ച് വിറ്റു; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് പുരുഷ നഴ്സുമാർ പിടിയിൽ

By Web TeamFirst Published Sep 8, 2019, 8:17 AM IST
Highlights

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാട്ടായ്ക്കോണം സ്വദേശി ബേബിക്കുള്ള മരുന്നാണ് ഇവർ മറിച്ചുവിറ്റത്.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിലുള്ള രോഗിയുടെ മരുന്ന് മറിച്ച് വിറ്റ രണ്ട് പുരുഷ നഴ്സുമാർ പിടിയിൽ. കൊല്ലം സ്വദേശി ഷമീർ, ഊരുട്ടമ്പലം സ്വദേശിയായ ബിവിൻ എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. പതിനൊന്നായിരം രൂപയുടെ മരുന്നുകളാണ് സ്വകാര്യ മരുന്ന് കടയിലേക്ക് പ്രതികൾ മറിച്ചു വിറ്റത്.

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാട്ടായ്ക്കോണം സ്വദേശി ബേബിക്കുള്ള മരുന്നാണ് ഇവർ മറിച്ചുവിറ്റത്. ബേബിയുടെ ശസ്ത്രക്രിയയ്ക്കിടെ മരുന്നുകൾ പുറത്ത് നിന്ന് വാങ്ങാൻ കുറിച്ചു നൽകിയിരുന്നു. പതിനൊന്നായിരം രൂപയുടെ മരുന്നാണ് ബന്ധുക്കൾ പുറത്ത് നിന്ന് വാങ്ങി നൽകിയത്. മരുന്ന് കൈപ്പറ്റിയ ഡ്യൂട്ടി നഴ്സ് ഷമീർ ബേബിയുടെ മകനോട് ബില്ല് ആവശ്യപ്പെട്ടിരുന്നു. ഈ ബില്ലിന്റെ പകർപ്പ് ആവശ്യപ്പെട്ട് ബന്ധുക്കൾ വീണ്ടും മരുന്ന് കടയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

രണ്ട് പേർ ബില്ലുമായി എത്തി മരുന്ന് തിരികെ നൽകി പണം കൈപ്പറ്റിയെന്ന് കടയുടമ അറിയിച്ചു. ബേബിയുടെ ബന്ധുക്കൽ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മരുന്ന് മറിച്ചുവിറ്റത് ഷമീറും ബിവിനും ചേർന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇതിന് മുമ്പും ഇവർ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

click me!