
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിലായി. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവർ നേരത്തെ പിടിയിലായിരുന്നു. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആർഎസ്എസ് പ്രവർത്തകന്റെ മൊഴി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്തുവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സജയ് ജിത്ത് പൊലീസിനോട് സമ്മതിച്ചു. ക്ഷേത്രോത്സവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
സജയ് ജിത്ത് വെള്ളിയാഴ്ച പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്ന് സജയ് ജിത്ത് പൊലീസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു. ഉത്സവപറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ജിഷ്ണുവാണ്.
കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുളള അഞ്ച് പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam