തൃശ്ശൂരില്‍ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു; പൊലീസ് പിന്തുടര്‍ന്ന് ടാക്സി പിടികൂടി, പ്രതികള്‍ രക്ഷപ്പെട്ടു

By Web TeamFirst Published Oct 15, 2019, 10:05 AM IST
Highlights

ആമ്പല്ലൂരില്‍ വച്ചാണ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.  അന്വേഷണത്തിനിടയിൽ കാലടിയില്‍ വച്ച് പൊലീസ് കാര്‍ പിടികൂടി. 

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഡ്രൈവറെ അക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു. കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് ടാക്സി തട്ടിയെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവാന്‍ജി മൂലയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമണത്തിന് പിന്നില്‍. രണ്ടുപേരാണ് ഊബര്‍ ടാക്സി വിളിച്ചത്. പുതുക്കാട്ടേയ്ക്കുള്ള വഴി മധ്യേ ആമ്പല്ലൂരില്‍ വച്ചാണ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

തലയ്ക്കടിച്ച ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുകൊണ്ട് അക്രമികള്‍ മുങ്ങുകയായിരുന്നു. പിന്നീട് പുതുക്കാട് പൊലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍ വച്ച് പൊലീസ് വാഹനം പിടികൂടി.എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനുള്ള കൃത്യമായ പ്ലാനിംഗോടെയാണ് പ്രതികള്‍ ടാക്സില്‍ കയറിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിച്ച് വരികയാണ് പൊലീസ്. അതേസമയം പ്രതികളെ കണ്ടാലറിയാമെന്ന് ഡ്രൈവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

 

click me!