
വയനാട്: വയനാടിന് ആശ്വാസമായി ഇന്ന് രണ്ടുപേർക്ക് രോഗമുക്തി. 84 വയസുകാരിയായ ട്രക് ഡ്രൈവറുടെ അമ്മയും ട്രക് ഡ്രൈവറോടൊപ്പം യാത്ര ചെയ്‍ത ആളുടെ മകനുമാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. ആദിവാസി മേഖലകളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ മാനന്തവാടിയിലെ തവിഞ്ഞാലടക്കം 4 പഞ്ചാത്തുകളും ഒരുമുനിസിപ്പാലിറ്റിയും പൂർണമായും അടച്ച് ജാഗ്രത തുടരും. ഇവിടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങൾ വീടുകളില്‍ അവശ്യ സാധനങ്ങൾ എത്തിച്ചു നല്‍കുമെന്നും കളക്ടർ അറിയിച്ചു.
തല്‍കാലം പലചരക്കുകടകൾ തുറക്കാന്‍ അനുവദിക്കുമെങ്കിലും ഹോം ഡെലിവറി സൗകര്യം പൂർണ്ണ സജ്ജമായാല്‍ അത്തരം കടകളും അടക്കും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശിയുടെ കടയില്‍ വന്നുപോയവരടക്കം 650 ആദിവാസികളെ ഇന്ന് നിരീക്ഷണത്തിലാക്കി. ആദിവാസി കോളനികൾ കൂടുതലായുള്ള മേഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് ജാഗ്രത കർശനമാക്കി.
നിലവില്‍ ചികിത്സയിലുള്ള ചില രോഗികൾ സമ്പര്‍ക്ക വിവരങ്ങൾ മറച്ചു വയ്ക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരക്കാരുടെ സമ്പര്‍ക്ക വിവരങ്ങൾ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച 3 പൊലീസുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 140 പോലീസുകാരാണ് ഇതുവരെ ജില്ലയില്‍ നിരീക്ഷണത്തിലേക്ക് മാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam