ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറ് മീറ്റര്‍ വ്യാസമുള്ള ഡോമോടു കൂടിയ വാനനിരീക്ഷണ കേന്ദ്രമാണിത്. 2.60 കോടി രൂപ ചെലവിലാണ് ഈ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. 

മലപ്പുറം: ശാസ്ത്രപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവേശമായി കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ നാടിന് സമര്‍പ്പിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ ഈ ജ്യോതിശാസ്ത്ര പഠനകേന്ദ്രം താനൂരിന്റെ വിദ്യാഭ്യാസ-വിനോദസഞ്ചാര മേഖലയില്‍ പുതിയൊരു കുതിച്ചുചാട്ടമാകും പുതിയ വാനനിരീക്ഷണ കേന്ദ്രം.

മന്ത്രി വി. അബ്ദുറഹിമാന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റേറിയം നിര്‍മ്മിച്ചിരിക്കുന്നത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം, ബെം​ഗളൂരു വിശ്വേശ്വര ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയം, കോഴിക്കോട് പ്ലാനറ്റേറിയം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ കേന്ദ്രം വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറ് മീറ്റര്‍ വ്യാസമുള്ള ഡോമോടു കൂടിയ വാനനിരീക്ഷണ കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

14 ഇഞ്ച് അപര്‍ച്ചറുള്ള അത്യാധുനിക വിദേശനിര്‍മ്മിത ടെലിസ്‌കോപ്പാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൂടാതെ 12 ഇഞ്ച് ടെലിസ്‌കോപ്പ്, റിഫ്രാക്റ്റീവ് റെസ്‌കോപ്പ്, സമുദ്രനിരീക്ഷണത്തിന് സഹായിക്കുന്ന ബൈനോക്കുലറുകള്‍ എന്നിവയും ഇവിടെയുണ്ട്. അടിസ്ഥാന ജ്യോതിശാസ്ത്ര തത്വങ്ങള്‍ വിശദമാക്കുന്ന പ്രദര്‍ശനങ്ങളും ഗവേഷണ താല്പര്യമുള്ളവര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാനനിരീക്ഷണത്തിന് പുറമെ സമുദ്രപഠനത്തിനും സഹായകമാകുന്ന രീതിയിലാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.