
തൃശ്ശൂർ:മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് തൃശ്ശൂർ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരെ വണ്ടിയിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.
കഞ്ചാവ് കടത്ത് ഒറ്റിയതിന് പ്രതികാരമായിട്ടാണ് യുവാക്കളെ കൊലപ്പെടുത്താൻ സംഘം തീരുമാനിച്ചത്. ശ്യാമിനേയും ക്രിസ്റ്റോയേയും കൂടാതെ മറ്റു രണ്ട് പേരെ കൂടി കൊലപ്പെടുത്താനായിരുന്നു. പദ്ധതി എന്നാൽ മറ്റു രണ്ട് പേരും തലനാരിഴക്ക് ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
രണ്ട് ബൈക്കിലായി സഞ്ചരിക്കുകയായിരുന്ന നാലംഗസംഘത്തെ ടിപ്പര്‍ ലോറിയിടിച്ച് വീഴ്ത്തി പന്നിപ്പടക്കം എറിയാനായിരുന്നു കൊലയാളി സംഘത്തിന്‍റെ പദ്ധതി. എന്നാല്‍ പന്നിപ്പടക്കം പൊട്ടാതെ വന്നതോടെ ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന വടിവാളെടുത്ത് വെട്ടുകയായിരുന്നു. ഒരു ബൈക്കില്‍ ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന ശ്യാം ക്രിസ്റ്റോയും ഇങ്ങനെയാണ് കൊലപ്പെട്ടത്. മറ്റു രണ്ട് പേരെയും ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ കൂടുന്നത് കണ്ട് ഇവര്‍ പെട്ടെന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
മുണ്ടൂര്‍, അടാട്, അരന്നൂര്‍ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തും വിതരണവും നടത്തിയത് ഈ സംഘമായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇരുസംഘങ്ങളിലും ഉള്‍പ്പെട്ടവര്‍ പരസ്പരം വധഭീഷണി മുഴക്കുകയും പന്നിപ്പടക്കം എറിയുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് രണ്ട് യുവാക്കള്‍ കൊലപ്പെട്ടത്. കൊലയാളി സംഘത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam