
തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിടാനുള്ള ട്രയൽ റൺ തുടങ്ങി. ട്രയൽ റൺ വിജയമായാൽ രണ്ടു ദിശയിലേയ്ക്കും വാഹനങ്ങൾ കടത്തിവിടുന്നത് തുടരും. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെ നിലവില്‍ ഒറ്റവരിയാണ് ഗതാഗതം.
രണ്ടാം തുരങ്കത്തിന്റെ നിർമാണം തീരണമെങ്കിൽ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. അങ്ങനെ വരുമ്പോൾ ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. ഇതിനാലാണ് തുരങ്കത്തിൽ രണ്ടു വരി ഗതാഗതം ഏർപ്പെടുത്തിയത്. ഇനി മുതല്‍ പാലക്കാട് ഭാഗത്തേയ്ക്കും വാഹനങ്ങൾ കടത്തിവിടും. ഇതിനായി വഴുക്കുംപാറ മുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചു.
തുരങ്കത്തിൽ വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കും. തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങളുടെ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ലെന്ന് പൊലീസ് അറിയിച്ചു. കുതിരാൻ തുരങ്ക നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം സജ്ജമായി. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam