
പയ്യന്നൂര്‍: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പൊലീസ്. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ പയ്യന്നൂർ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടന്ന് രണ്ടാഴ്ചയാകുന്നു. സാധാരണ ഓഫീസ് ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ് ചെയ്യുന്നത് പ്രകാരം കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തു. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും കൈമാറിയിട്ടും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല.
പ്രതികൾ സിപിഎം പ്രവർത്തകർ ആയതുകൊണ്ട് പൊലീസിന്‍റെ കൈകൾ കെട്ടപ്പെട്ടു എന്നാണ് ആരോപണം. സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗാന്ധി പ്രതിമ തകർത്തതോടെ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഇനിയെന്ത് വത്യാസമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. രാഷ്ട്രപിതാവിന്‍റെ ഓർമ്മയെത്തന്നെ കളങ്കപ്പെടുത്തുന്ന ഹീനകൃത്യമായിട്ട് കൂടി പൊലീസിന്‍റെ നിസ്സംഗത ഗൂരുതരമായ സാഹചര്യമാണെന്ന് നിയമ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെയുള്ള കേസ് ആയിട്ട് കൂടി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന ഒറ്റ വിശദീകരണം മാത്രമാണ് പയ്യന്നൂർ പൊലീസിന് നൽകാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam