
ദില്ലി കസ്റ്റംസ് പിടിച്ചെടുത്ത 44 പവൻ സ്വർണ്ണം രണ്ട് വർഷത്തെ നിയമ പോരാട്ടത്തിലൂടെ തിരികെ നേടി മലയാളി പ്രവാസി. ഗ്രീൻ ചാനൽ ലംഘനത്തിന് കസ്റ്റംസ് 23 ശതമാനം പിഴയിട്ട സ്വർണമാണ് തൃശൂർ സ്വദേശി ഗോവിന്ദ് വെണ്ണൻകോട്ടിൽ പിഴയില്ലാതെ തിരികെ വാങ്ങിയെടുത്തത്. പലതവണ ഓഫീസുകൾ കയറിയിറങ്ങി ഏഴ് ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവായത്.
2024 ഏപ്രിലിലാണ് ബന്ധുക്കളായ കുട്ടികളുൾപ്പടെ അഞ്ചു പേരടങ്ങുന്ന സംഘം ദുബായിൽ നിന്ന് ദില്ലി വഴി കൊച്ചിയിലേക്ക് യാത്ര ചെയ്തത്. വർഷങ്ങളായി ധരിക്കുന്ന ആഭരണമായതിനാൽ ഗ്രീൻചാനലിലൂടെ തന്നെയായിരുന്നു യാത്ര. 5 പേരുടേതുമായി 352 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടിച്ചു. വർഷങ്ങളോളം ഇതേ ആഭരണം ധരിച്ച് യാത്ര ചെയ്യുന്നവരാണെന്ന് കൊച്ചി കസ്റ്റംസ് നൽകിയിരുന്ന 2017ലെ രേഖകൾ അംഗീകരിച്ചില്ല. പിഴയടക്കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. മടക്കയാത്രയിൽ തിരികെ നൽകാമെന്ന് പറഞ്ഞു അതും നൽകിയില്ല. അടുത്ത മാസം ദുബായിൽ നിന്ന് ദില്ലിയിൽ വന്നെങ്കിലും അന്നും നടപടി പൂർത്തിയാക്കില്ല. ആദ്യം പാസ്പോർട്ട് കോപ്പിക്കും പിന്നെ സാക്ഷ്യപത്രങ്ങൾക്കുമായി പലതവണ നടത്തിച്ചു. അന്ന് ദില്ലിയിലിരുന്ന് ഭാര്യയെ വിട്ട് കോൺസുലേറ്റിൽ നിന്ന് വാങ്ങി വിമാനത്തിൽ ദില്ലിയിൽ സാക്ഷ്യപത്രമെത്തിച്ചെങ്കിലും അത് വ്യാജമാണെന്നായിരുന്നു മറുപടി.
സ്വർണം തിരികെ കിട്ടുന്നത് നീണ്ടതോടെ നിയമനടപടിയിലേക്ക് നീങ്ങി. 23 ശതമാനം പിഴയോടെ നാലു പേരുടെ സ്വർണം തിരികെ നൽകാൻ തീരുമാനമായെങ്കിലും പിഴ ഒഴിവാക്കാൻ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ആദ്യം വിധി വന്ന 3 പേരുടെ സ്വർണം വാങ്ങാനായി പിന്നെയും ദില്ലിയിൽ ചെന്നെങ്കിലും കസ്റ്റംസ് കൊടുത്തില്ല. യു.എ.യിലേക്ക് എക്സ്പോർട്ട് ചെയ്യാൻ ഉത്തരവു വന്ന തന്റെ സ്വർണം നാട്ടിൽ വാങ്ങാനും ലോക്കർ ഫീസ് ഒഴിവാക്കാനും നിയമപോരാട്ടം തുടർന്നു. ഒടുവിൽ ഒരണ്ണത്തിന് മാത്രം ലോക്കർ ഫീസ് പകുതിയടച്ച് മുഴുവൻ സ്വർണവും പിഴയില്ലാതെ വിട്ടുകിട്ടി. കഴിഞ്ഞ വർഷം ജൂണിലും ഈ വർഷം ജനുവരി 14നുമായി അവസാന സ്വർണവും കൈയിലെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam