
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമാനത്തിനുള്ളിലെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർഡിൽ നിരീക്ഷണത്തിലാണ് ഇവര്‍. അതേസമയം, മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ ആക്രമിച്ചെന്നും മുഖ്യമന്ത്രിയുടെ പി എ വി എം സുനീഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പി എ വി എം സുധീഷിനും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകളുണ്ട്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ തള്ളിവീഴ്ത്തി. മദ്യപിച്ച് ലക്കുകെട്ടാണ് യൂത്ത് കോൺഗ്രസ്സുകാർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുതെന്ന് ഇ പി ജയരാജൻ പറഞ്ഞു. എന്നാൽ മദ്യപിച്ചിട്ടില്ലെന്നും ജയരാജൻ മർദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിശദീകരിച്ചു.
കണ്ണൂരിലെ യാത്രകളിൽ വഴിനീളെയുണ്ടായ പ്രതിഷേധങ്ങൾക്ക് പുറകെയാണ് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രിസഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീന്‍ എന്നിവരാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഇ പി ജയരാജനെത്തുന്നതും ഇരുവരെയും തള്ളിവീഴ്ത്തുകയും ചെയ്തു. തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. സംഭവം ഉണ്ടായതിന് പിന്നാലെ പ്രതികരിച്ച ഇപി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാർ മദ്യപിച്ച് ലക്ക് കെട്ടനിലയിലായിരുന്നുവെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇറങ്ങിയശേഷമായിരുന്നു പ്രതിഷേധമെന്നായിരുന്നു ഇപിയുടെ ആദ്യ പ്രതികരണം. പക്ഷെ പിന്നീട് വാർത്താ സമ്മേളനത്തിൽ ഇപി പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിനുള്ളിൽ നിന്നും ഇറങ്ങും മുമ്പാണ് പ്രതിഷേധമെന്നായിരുന്നു.
അതേസമയം, മദ്യലഹരിയിലെ പ്രതിഷേധമെന്ന ഇപിയുടെ ആരോപണം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പ്രതിഷേധിച്ചവരെ വിമാനത്തിലെ ജീവനക്കാരും സിഐഎസ്എഫും പിടികൂടിയിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരെ അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്തിൽ പ്രതിഷേധമുണ്ടാകുന്നത് ഒഴിവാക്കാൻ ഓരോരുത്തരെയും പരിശോധിച്ചാണ് പൊലീസ് കടത്തിവിട്ടിരുന്നത്. സിഐഎസ്എഫിന്‍റെയും പരിശോധന കടന്നാണ് ഇരുവരും വിമാനത്തിൽ കയറിയത്. പൊലീസിന് അറിയാവുന്ന ആളായിട്ടും, ആർസിസിസിയിൽ ബന്ധുവിനെ കാണാനെന്ന കാരണം പറഞ്ഞതോടെയാണ് ഫർസീനെ യാത്രയ്ക്ക് അനുവദിച്ചതെന്നാണ് പൊലീസ് വിശദീകരണം.
സുരക്ഷാ വീഴ്ച്ച സമ്മതിക്കാതെ പൊലീസ് പിന്നീട് വിവാദമായതോടെ ഉത്തരവാദിത്വം സിഐഎസ്എഫിനാണെന്ന് പറയുന്നു. വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളെ കുറിച്ച് സിഐഎസ്എഫിൽ നിന്നും റിപ്പോർട്ട് തേടിയാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. അതേസമയം, ഇപി ജയരാജനെതിരെ പരാതി നൽകാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam