
കാസർകോട്: കാസർകോട് കുമ്പളയിൽ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശികളായ റോഷൻ (21), മണി (19) എന്നിവരെയാണ് റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീകുമാറിൻ്റെ സുഹൃത്തുക്കളാണ് തൂങ്ങി മരിച്ചതെന്നും ഇവര്‍ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് വെട്ടിക്കൊന്നത്. ഫ്ലോർ മിൽ ജീവനക്കാരനായ ഹരീഷിനെ കൊലപ്പെടുത്തിയത് മില്ലിലെ ഡ്രൈവറായ ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും കുമ്പള പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹരീഷിന്‍റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.
ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ പ്രതിയുടെ സുഹൃത്തുക്കളായ ശാന്തിപ്പള്ളത്തെ റോഷൻ, മണികണ്ഠൻ എന്നിവരെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന. ഇന്നലെ രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam