അലനും താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെതിരെയും യുഎപിഎ ചുമത്തി, തിരച്ചില്‍ ശക്തമാക്കി

By Web TeamFirst Published Nov 19, 2019, 6:09 AM IST
Highlights

ഉസ്മാന്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. ആവശ്യമെങ്കില്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ സാഹായം തേടാനാണ് പൊലീസിന്‍റെ തീരുമാനം.

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് യുഎപിഎ ചുമത്തി തിരച്ചില്‍ ഊർജിതമാക്കി. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഇയാള്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ആവശ്യമെങ്കില്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ സാഹായം തേടാനാണ് പൊലീസിന്‍റെ തീരുമാനം.

അലനെയും താഹയെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് ദിവസമായി ഉസ്മാനുവേണ്ടിയുള്ള തിരച്ചിലിലാണ്. യുഎപിഎ ചുമത്തി ഇയാളെ പന്നിയങ്കര കേസില്‍ പ്രതി ചേര്‍ത്തു . ഉസ്മാനാണ് അലനും താഹക്കും ലഘുലേഖകളും മാവോയിസ്റ്റനുകൂല പുസ്തകങ്ങളും നല്കുന്നതെന്നാണ് പൊലീസ് നിഗമനം. തോക്കുമായി വയനാട്ടിലും നിലമ്പൂര്‍ കാടുകളിലും ഉസ്മാന്‍ പലതവണ പോയതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി. നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുകൂലികള്‍ക്ക് സിപിഐ മോവായിസ്റ്റ് നേതാക്കള്‍ സന്ദേശമെത്തിക്കുന്നത് ഇയാള്‍ മുഖേനെയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മലപ്പുറം കണ്ണൂര് വയനാട് ജില്ലകളില്‍ ഉസ്മാനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉസ്മാന്‍റെ സുഹൃത്തുക്കളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ കുറെ കാലമായി മലപ്പുറം പാണ്ടിക്കാട്ടുള്ള ഇയാളുടെ വീട്ടില്‍ വരാറില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസര്‍കോട്, കമ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലായി ഉസ്മാനെതിരെ പത്തുകേസുകളുണ്ട്. മാവോസ്റ്റനുകൂല പ്രവര്‍ത്തികള്‍ നടത്തിയതിനാണ് കേസുകളെല്ലാം ഇതില്‍ നാലെണ്ണം യുഎപിഎ കേസുകളാണ്. കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ യുഎപിഎ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഇയാളെ കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നാണ് മലപ്പുറം പൊലീസ് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് നല്‍കിയ വിവരം.

സ്ഥിരമായി മോബൈല്‍ ഉപയോഗിക്കുന്ന ശീലം ഉസ്മാനില്ലാത്തതും അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് ഇയാള്‍ പോയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോസ്ഥരുടെ സംശയം. ഇന്നുകൂടി തിരച്ചില്‍ നടത്തിയിട്ടും പിടികൂടാനായില്ലെങ്കില്‍ പരിശോധന മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. വിവരം തമിഴ്നാട് ക്യൂ ബ്രാഞ്ചിനെയും കര്‍ണാടക ആന്‍റി നക്സല്‍ സ്ക്വാഡിനെയും പൊലീസ് അറിയിച്ചിട്ടുണ്ട്.

click me!