യുഎപിഎ അറസ്റ്റ്: അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ലെന്ന് സൂപ്രണ്ട്; മാറ്റാൻ നീക്കം

By Web TeamFirst Published Nov 5, 2019, 2:47 PM IST
Highlights
  • അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നാളെ വിധി പറയാനായി മാറ്റിയിരിക്കുകയാണ്
  • പ്രതികൾ ജയിലിൽ സുരക്ഷിതരല്ലെന്നും അതിനാൽ ഇവരെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്

കോഴിക്കോട്: സിപിഐ മാവോയിസ്റ്റ് പ്രവർത്തകരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട്ടെ വിദ്യാർത്ഥികൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് പൊലീസ് സൂപ്രണ്ട്. രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.

പ്രതികൾ ജയിലിൽ സുരക്ഷിതരല്ലെന്നും അതിനാൽ ഇവരെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇതിനായി ഉടൻ ഡിജിപിക്ക് അപേക്ഷ നൽകും.

ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നാളെ വിധി പറയാനിരിക്കെയാണ് പൊലീസ് നീക്കം. ഇരുവരും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ പൊലീസ് ഉറച്ച് നിൽക്കുകയാണ്.

എന്നാൽ ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം ഇന്ന് കോടതിയിൽ വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.

അതേസമയം പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ പുസ്തകങ്ങൾ കോടതിയിൽ ഹാജരാക്കി. ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പുസ്തകങ്ങൾ വായിക്കാൻ വേണ്ടി എടുത്തതാകാമെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. 

click me!