യുഎപിഎ കേസ് അതീവ ഗൗരവതരം; സിപിഎമ്മിനും കോൺഗ്രസിനും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടെന്ന് കെസുരേന്ദ്രന്‍

By Web TeamFirst Published Nov 5, 2019, 11:00 AM IST
Highlights

'സിപിഎം ഭരിക്കുന്ന കേരളത്തിലെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ ചെന്നിത്തല വായിച്ചിട്ടുണ്ടോ?എഫ്ഐആർ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാൻ ചെന്നിത്തല മുറവിളി കൂട്ടുന്നത്'. 

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരുടെ ഒത്താശയോടെ സിപിഎമ്മിലേയും പൊലീസിലേയും ഒരു വിഭാഗം ശ്രമിക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവതരമാണ്. 

'നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവർ. ഇവര്‍ക്ക് മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്ഐആറില്‍ ഉണ്ട്. സിപിഎം ഭരിക്കുന്ന കേരളത്തിലെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്'. എഫ്ഐആർ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാൻ ചെന്നിത്തല മുറവിളി കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'യുഎപിഎ അല്ലെന്ന് തെളിയിക്കും മുൻപ് മന്ത്രി തോമസ് ഐസക് പ്രതികളുടെ വീട് സന്ദർശിക്കുകയും ചെയ്തു. കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയാണ്. അറസ്റ്റിലായവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്'. മുൻ തീവ്രവാദ കേസുകളിൽ പ്രതികൾക്കൊപ്പം നിന്ന അതേ നിലപാടാണ് സിപിഎമ്മും കോൺഗ്രസും ഈ കേസിലും സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

പ്രതികളെ ന്യായീകരിക്കാൻ മന്ത്രിമാർക്കും സിപിഎം-കോൺഗ്രസ് നേതാക്കൾക്ക് ജുഡീഷ്യൽ അധികാരമാണ് ഉള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. 'കേസില്‍ രാഷീയ നേതൃത്വം പൊലീസിനെ വഴിതെറ്റിക്കുകയാണ്. രാഷ്ടീയ ഇടപെടൽ ഒഴിവാക്കണം. സത്യം വെളിച്ചെത്ത് വരണം'.കേസ് അന്വേഷണം എൻഐഎയെ ഏൽപ്പിക്കണമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

click me!