വിവിധ ജില്ലകളിലായി 13 പുതിയ പോലീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യുകയും റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കായി 'റെയിൽ മൈത്രി' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുകയും ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ബാഹ്യഇടപെടലുകളില്ലാതെ നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ വിവിധ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ പോലീസ് സ്റ്റേഷൻ സങ്കൽപ്പങ്ങളിൽ നിന്ന് കേരള പൊലീസ് ഏറെ മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതുതായി നിർമ്മിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളും സ്ത്രീ-ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാണ്. ഇത് സേനയ്ക്ക് കൂടുതൽ ജനകീയ മുഖം നൽകാൻ സഹായിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊലീസ് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പൊലീസിന്റെ യശസ്സ് ഉയർത്തുന്ന തരത്തിലുള്ള ആധുനിക കെട്ടിടങ്ങളാണ് നിർമ്മിക്കപ്പെടുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 13 മന്ദിരങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കരുനാഗപ്പള്ളി, കിളികൊല്ലൂർ, പെരുനാട്, മാഞ്ഞൂർ, കല്ലടിക്കോട്, വാളയം പൊലീസ് സ്റ്റേഷനുകൾ, വിവിധ ജില്ലകളിലെ ക്വാർട്ടേഴ്‌സുകൾ, നോളഡ്‌ജ് റെപ്പോസിറ്ററി സെന്ററുകൾ തുടങ്ങിയവ. കരീലകുളങ്ങര, കടുത്തുരുത്തി, കൊയിലാണ്ടി, കോടഞ്ചേരി, നീലേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ പത്ത് മന്ദിരങ്ങളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷനും ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ഡി ജി പി എസ് ശ്രീജിത്ത്, ഐജി ആർ നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

