കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊല; പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ

Published : Apr 17, 2026, 03:45 PM IST
udayakumar case

Synopsis

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി.

ദില്ലി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ സമർപ്പിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി. സിബിഐ അപ്പീലിൽ പ്രതികളായ പൊലീസുകാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

സ്റ്റേഷനിൽ ഉദയകുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതിയാണ് വെറുതെ വിട്ടത്. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി കെ ജിതകുമാറിന്‍റെ വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ൽ വധശിക്ഷ വിധിച്ചെങ്കിലും അര്‍ബുദബാധയെ തുടര്‍ന്ന് 2020 ൽ മരിച്ചു. കൊലക്കുറ്റം, ക്രൂരമര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, അന്ന് എസ്ഐയിയായിരുന്ന ടി അജിത്കുമാര്‍ എന്നിവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

2005 സെപ്തംബര്‍ 27ന് രാത്രിയിലാണ് പൊലീസുകാരുടെ മൂന്നാം മുറ പ്രയോഗത്തിൽ ഉദയകുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിൽ കൊല്ലപ്പെട്ടത്. വഴിയരികിൽ പരിക്കേറ്റ് കിടന്നുവെന്ന് പറഞ്ഞാണ് പൊലീസുകാര്‍ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റ് മോര്‍ട്ടത്തിൽ ഉരുട്ടിക്കൊലയുടെ ഭീകരത പുറത്തുവന്നു. ഉദയകുമാറിന്‍റെ ശരീരത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് ഉരുട്ടിയതിന്‍റെയും അടിച്ചതിന്‍റേയും 22 ഗുരുതര പരിക്കുകള്‍ കണ്ടെത്തി. ജിതകുമാര്‍, ശ്രീകുമാര്‍, സോമൻ എന്നീ പൊലീസുകാര്‍ ചേര്‍ന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. സോമൻ വിചാരണക്കിടെ മരിച്ചു.

ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിന്‍റെ കൈവശമുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതെന്ന് വരുത്താനായിരുന്നു പൊലീസ് ക്രൂരത. ഉച്ചയോടെ ശ്രീകണ്ഠേശ്വരം പാര്‍ക്കിൽ നിന്ന് സുഹൃത്ത് സുരേഷ് കുമാറിനൊപ്പമാണ് ഉദകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടക്കം മുതൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തി. പൊലീസുകാരായ സാക്ഷികളും മാപ്പുസാക്ഷികളും കൂറുമാറി. പ്രധാന സാക്ഷിയായ സുരേഷ് കുമാര്‍ വിചാരണയിൽ നിസ്സഹകരിച്ചു. ഉദയകുമാര്‍ കൊല്ലപ്പെട്ട് ഇരുപതാം വര്‍ഷത്തിലാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്റ്റാലിനും രാഹുലും വേദി പങ്കിടില്ല; രാഹുലിന്റെ തമിഴ്നാട് പര്യടനത്തിന് നാളെ തുടക്കം
പാലക്കാട് താപനില 40 ഡിഗ്രി, കൊല്ലത്ത് 39; യെല്ലോ അലർട്ടുള്ള 12 ജില്ലകളിൽ 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്, മുന്നറിയിപ്പ്