വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ ഖർഗെയും സ്റ്റാലിനും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് പാർട്ടികൾ

By Web TeamFirst Published Mar 28, 2023, 9:24 AM IST
Highlights

വിശാല പ്രതിപക്ഷ ഐക്യത്തിനുളള ആഹ്വാനം മുഴക്കുന്ന ഖാര്‍ഗെയും സ്റ്റാലിനും വൈക്കം കായലോരത്ത് ഒരുങ്ങുന്ന ഒറ്റ വേദിയിലാണ് രണ്ട് പരിപാടികളിലായി ജനങ്ങളോട് സംവദിക്കുക എന്ന യാദൃശ്ചികതയും സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കുണ്ട്.

കോട്ടയം : വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാൻ കോൺഗ്രസും എൽഡിഎഫും. പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം മല്ലികാർജുൻ ഖാർഗെക്ക് കേരളത്തിലെ കോൺഗ്രസ് ഒരുക്കുന്ന ആദ്യ വേദിയാണ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദി. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയില്‍ പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ എത്തിക്കാനുളള ഇടത് തീരുമാനത്തിനു പിന്നിലുളളതും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തന്നെ.

ഒരിടത്ത് മല്ലികാർജുൻ ഖാർഗെ. ഒരിടത്ത് എം.കെ. സ്റ്റാലിന്‍. ദേശീയ രാഷ്ട്രീയം പ്രക്ഷ്ബുധമാകുന്നതിനിടയിലാണ് പ്രതിപക്ഷ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളില്‍ രണ്ടു പേര്‍ വൈക്കത്ത് എത്തുന്നത്. മാർച്ച് 30 നാണ് ഖാർഗെയുടെ വൈക്കം സന്ദര്‍ശനം. ഒരു ദിവസത്തിന്റെ ഇടവേളയിൽ ഏപ്രിൽ 1 ന് സ്റ്റാലിനും വരും. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഖാർഗെയ്ക്ക് കേരളത്തിലൊരുങ്ങുന്ന ആദ്യ വേദിയാണ് വൈക്കത്തേത്. അതിനുമപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പ് വിവിധ സാമൂഹ്യ വിഭാഗങ്ങളെ ഒപ്പം നിർത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് സത്യഗ്രഹ ശതാബ്ദിയുടെ ഒരുക്കങ്ങൾ കെപിസിസി നടത്തുന്നത്. പാർട്ടി നേതാക്കളുടെ ചിത്രങ്ങൾ പതിച്ച പതിവ് പോസ്റ്ററുകൾക്കപ്പുറം ശ്രീനാരായണഗുരുവും, മന്നവും, ടി കെ മാധവനും, അയ്യങ്കാളിയുമെല്ലാം അണിനിരക്കുന്ന പ്രചരണ ബോർഡുകള്‍ സ്ഥാപിച്ചതിലൂടെ തന്നെ കോൺഗ്രസ് രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തം.

തമിഴ്നാട് മുഖ്യമന്ത്രി എന്നതിനപ്പുറം ബിജെപി വിരുദ്ധ ചേരിയിലെ പ്രധാനി എന്ന നിലയിലാണ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാന സാംസ്കാരിക വകുപ്പ് എം.കെ. സ്റ്റാലിനെ ഉദ്ഘാടകനായി കൊണ്ടുവരുന്നത്. കേരളത്തിലെ ബിജെപി വിരുദ്ധ ചേരിയുടെ നേതൃത്വം ഇടതുപക്ഷത്തിനാണെന്ന പ്രതീതി പിന്നാക്ക,ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പടര്‍ത്താന്‍ സ്റ്റാലിനും പിണറായിയും ഒന്നിച്ചെത്തുന്ന വേദി സഹായിക്കുമെന്ന ആത്മവിശ്വാസമാണ് ഇടത് ക്യാമ്പില്‍. വിശാല പ്രതിപക്ഷ ഐക്യത്തിനുളള ആഹ്വാനം മുഴക്കുന്ന ഖാര്‍ഗെയും സ്റ്റാലിനും വൈക്കം കായലോരത്ത് ഒരുങ്ങുന്ന ഒറ്റ വേദിയിലാണ് രണ്ട് പരിപാടികളിലായി ജനങ്ങളോട് സംവദിക്കുക എന്ന യാദൃശ്ചികതയും സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കുണ്ട്.

click me!