
ഇടതുകോട്ടയായ തളിപ്പറമ്പിലും കാലിടറിയിരിക്കുകയാണ് സിപിഎമ്മിന്. യുഡിഎഫ് പിന്തുണയോടെ വിമതനായി മത്സരിച്ച ടികെ ഗോവിന്ദൻ മാസ്റ്റർ തളിപ്പറമ്പിൽനിന്ന് ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നത്. പികെ ശ്യാമള ടീച്ചറുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്താണ് അദ്ദേഹം സിപിഎമ്മിൽനിന്നും ഇറങ്ങി പോയത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുമ്പോള്‍ ഭാര്യയെ ആ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിലായിരുന്നു ടികെ ഗോവിന്ദന്‍ എതിര്‍പ്പ് അറിയിച്ചത്.
അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചതിനു തൊട്ടടുത്ത ദിവസം സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാഗേഷ് അദ്ദേഹത്തെ പാർട്ടിയിൽനിന്നും പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥിയാക്കാതെ പികെ ശ്യാമളയെ പരിഗണിച്ചുവെന്ന ടികെ ഗോവിന്ദന്റെ ആരോപണം പാർട്ടി ഗൗരവത്തിൽ എടുത്തില്ല. പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രശ്‌നമില്ലെന്നും അത് ശരിയായിരുന്നുവെന്നുമായിരുന്നു എംവി ഗോവിന്ദന്‍ അടക്കമുള്ളവരുടെ പ്രതികരണം.
പാർട്ടിയെ വഞ്ചിച്ചെന്ന് ആരോപിച്ച് ടികെ ഗോവിന്ദനെതിരെ അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഉൾപ്പെടെ ചിലർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. പിന്നാലെ പിന്തുണയുമായി യുഡിഎഫും രംഗത്ത് എത്തുകയായിരുന്നു. ടികെ ഗോവിന്ദനെ ഒപ്പം നിർത്താനുള്ള ശ്രമം പാർട്ടി നടത്തണമെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതd ശരിവെക്കുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന മിന്നും ജയം.
പതിറ്റാണ്ടുകളായി ഇടതിനു മാത്രം അവസരം നൽകിയ മണ്ഡലമാണ് ഇപ്പോൾ സിപിഎമ്മിൽനിന്ന് കൈവിട്ടുപോയിരിക്കുന്നത്. തളിപ്പറമ്പിൽ അവസാനമായി ഒരു കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്നത് 1970ലാണ്. അന്നത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഗോവിന്ദൻ നമ്പ്യാർക്ക് ലഭിച്ചത് വെറും 909 വോട്ടുകളായിരുന്നു. ഇന്ന് ടികെ ഗോവിന്ദൻ മാസ്റ്റർ വിജയിച്ചിരിക്കുന്നത് പതിമൂന്നായിരത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 22,689 വോട്ടുകൾക്ക് എംവി ഗോവിന്ദൻ ജയിച്ച മണ്ഡലത്തിലാണ് ടികെ ഗോവിന്ദൻ വിസ്മയം തീർത്തത്. 1977 ന് ശേഷം ഇങ്ങോട്ട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിനെ മാത്രം വിജയിച്ച മണ്ഡലമാണ് തളിപ്പറമ്പ്. 2016 ല്‍ ജെയിംസ് മാത്യു നാല്‍പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ വിജയിച്ചിരുന്നത്.
60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടികെ ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ മത്സരത്തിനിറങ്ങിയത് സിപിഎം അണികൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനമെടുത്തതിനുശേഷം അദ്ദേഹത്തിൻ്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവന്നിരുന്നു. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. ഇതെല്ലാം മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് ടികെ ഗോവിന്ദൻ മാസ്റ്ററുടെ മിന്നും ജയം.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി യുഡിഎഫിന്റെ മുന്നേറ്റം സിപിഎമ്മിനെ ആശങ്കപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിടാതെ ഒപ്പംനിർത്താൻ സാധിക്കുന്നുണ്ടായിരുന്നെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ഈ ചെങ്കോട്ടയെ വിറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. കണ്ണൂരിലെ കോൺഗ്രസ്സിന്റെ കരുത്തുറ്റ മുഖമായ കെ സുധാകരന് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ മറികടന്ന് ലീഡ് നിലനിർത്താൻ കഴിഞ്ഞു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയിച്ചുകയറാനാകില്ലെന്ന വിലയിരുത്തലിലായിരുന്നു സിപിഎം. ടികെ ഗോവിന്ദൻ മാസ്റ്റർക്ക് യുഡിഎഫ് പിന്തുണകൂടി ലഭിച്ചതോടെ സിപിഎം പ്രതീക്ഷകളൊക്കെ അസ്ഥാനത്താകുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam