മണ്ണെണ്ണ സമരം പ്രതിപക്ഷം ഇളക്കി വിടുന്നത്; കൂടുതൽ നിയമനം നടത്തിയത് എൽഡിഎഫ് സർക്കാര്‍: തോമസ് ഐസക്

By Web TeamFirst Published Feb 9, 2021, 8:37 AM IST
Highlights

വിജ്ഞാപനം ചെയ്ത പോസ്റ്റുകളിലേ നിയമനം നൽകാനാവൂ. എൽഡിഎഫ് സർക്കാരാണ് ഏറ്റവുമധികം നിയമനങ്ങൾ നടത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: മണ്ണെണ്ണ സമരത്തിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷം മനപൂർവം കുത്തിപ്പൊക്കി ഇളക്കി വിടുന്ന സമരമാണിത്. ചില ഉദ്യോഗാർത്ഥികൾ പ്രതിപക്ഷത്തിന്റെ കരുക്കളായി മാറുന്നു. യുഡിഎഫ് പ്രേരണയിലാണ് സമരം നടക്കുന്നത്. ഉദ്യോഗാർത്ഥികളെ ഇളക്കിവിടുകയാണ്. വിജ്ഞാപനം ചെയ്ത പോസ്റ്റുകളിലേ നിയമനം നൽകാനാവൂ. എൽഡിഎഫ് സർക്കാരാണ് ഏറ്റവുമധികം നിയമനങ്ങൾ നടത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നലെയാണ് ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമം നടന്നത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍റെ സമരം 14 ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമര രീതി. ജോലി അല്ലെങ്കില്‍ മരണം. ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ. ഇതായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാര്‍ഥികളുടെ നിലപാട്. 

ആത്മഹത്യ ശ്രമം ഉണ്ടാകുമെന്നറിഞ്ഞതോടെ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചു. ഉദ്യോഗാര്‍ഥികളുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ കവറില്‍ സൂക്ഷിച്ച മണ്ണെണ്ണ റിജു എന്ന ഉദ്യോഗാര്‍ഥി ദേഹത്തൊഴിച്ചു. 

വെള്ളം ചീറ്റിയും പിടിച്ചുമാറ്റിയും പൊലീസ് നടപടി. ഫയര്‍ഫോഴ്സെത്തി റോഡ് അടക്കം കഴുകി. ആംബുലൻസിൽ റിജുവിനെ ആശുപത്രിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയില്‍ നിന്നുള്ള പകുതിപ്പേര്‍ക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാര്‍ഥികൾ പറയുന്നു.

click me!