
പാലക്കാട്: പാലക്കാട് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായി യുഡിഎഫ് ക്യാമ്പ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എഐസിസി നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. ഇതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം തടയുക എന്ന ലക്ഷ്യമാണ് കത്ത് പുറത്തുവിട്ടതിനു പിന്നിലെന്നാണ് നേതൃത്വത്തിന്‍റെ സംശയം. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും അടങ്ങുന്ന കോക്കസ് ആണ് പ്രവർത്തിച്ചതെന്ന് നേരത്തെ കോൺഗ്രസ് വിട്ട പി സരിനും എ കെ ഷാനിബും ആരോപിച്ചിരുന്നു.
രാഹുൽ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ പ്രതികരിച്ചിട്ടുണ്ട്. ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു. തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുന്നു എന്നാണ് യുഡിഎഫ് വോട്ടർമാരോട് പറയുന്നത്. പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നൽകാത്ത ഒരു സ്ഥാനാർഥിയെ ആണ് യുഡിഎഫ് കൊണ്ടു നടക്കുന്നതെന്നും സരിൻ പറഞ്ഞു.
എന്നാല്‍, ലെറ്റർ ബോംബ് നിർവീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്‍റെ വിജയം തടയില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞത്. കെ മുരളീധരൻ കേരളത്തിൽ എവിടെയും നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പോരെന്ന് കത്തിൽ പറയുന്നില്ല. കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട് തന്നോടൊപ്പം പ്രചാരണത്തിൽ സജീവമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
കത്ത് തന്നെയോ പ്രതിപക്ഷ നേതാവിനെയോ ലക്ഷ്യം വെച്ചാണെന്ന് കരുതുന്നില്ല. യുഡിഎഫ് ക്യാമ്പിന് കത്ത് യാതൊരു വിധത്തിലുള്ള അലോസരവും ഉണ്ടാക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുൻപ് പല പേരുകളും കമ്മിറ്റികൾ നൽകാറുണ്ട്. മുരളീധരൻ വേണമെന്ന് ആഗ്രഹിക്കുന്നവർ കത്ത് പുറത്ത് കൊടുത്തിട്ടുണ്ടാകാം. അവരും ചിലരും ചേർന്നുള്ള കൂട്ടുകെട്ട് ഇപ്പോൾ പുറത്ത് വിട്ടതാകാമെന്നും രാഹുൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam