'വാക്ക് പാലിക്കാനുള്ളതാണ്'; എംഎം മണിയോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി തല മൊട്ടയടിച്ചു

By Web TeamFirst Published May 4, 2021, 4:35 PM IST
Highlights

തന്‍റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചതെന്നും തല മൊട്ടയടിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രതികരണം.

ഇടുക്കി: ഉടുമ്പൻചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് 20000 വോട്ടിന് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തി. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് തല മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് അഗസ്തി പറഞ്ഞു. 20000 വോട്ടിന് തോറ്റാൽ താന്‍ പിറ്റേ ദിവസം തല മൊട്ടയടിക്കുമെന്നായിരുന്നു അഗസ്തിയുടെ വെല്ലുവിളി. ഫലം വന്നപ്പോള്‍ 38,305 വോട്ടിന് എംഎം മണി ജയിച്ചു.

എട്ട് റൗണ്ട് പൂർത്തിയായപ്പോൾ 25,793 ത്തിന്‍റെ ഭൂരിപക്ഷത്തില്‍ എംഎം മണി വിജയമുറപ്പിച്ചിരുന്നു. അന്തിമ ഫലം വരുന്നതിന് മുമ്പേ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയം സമ്മിതിച്ച് തല മൊട്ടയടിക്കുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.  എന്നാല്‍ തന്‍റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചതെന്നും തല മൊട്ടയടിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രതികരണം. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം എന്നും എംഎം മണി പറഞ്ഞിരുന്നു.

എന്നാല്‍ വെല്ലുവിളി പ്രകാരം മൊട്ടയടിക്കും അത് വേണ്ടെന്ന് പറഞ്ഞ എം എം മണിയുടെ നല്ല മനസിന് നന്ദി. പക്ഷേ താൻ വാക്ക് പാലിക്കുമെന്നും അഗസ്തി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തല മൊട്ടയടിച്ച് അഗസ്തി വാക്കു പാലിച്ചത്. 1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ അഗസ്തിയോടായിരുന്നു എം എം മണി പരാജയപ്പെട്ടത്.

click me!