എറണാകുളത്തേത് രാഷ്ട്രീയ പോരാട്ടം, വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ടി ജെ വിനോദ്

By Web TeamFirst Published Sep 28, 2019, 7:07 PM IST
Highlights

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ നന്ദി പറഞ്ഞ ടി ജെ വിനോദ് വമ്പിച്ച ഭൂരിപക്ഷത്തില്‍ എറണാകുളത്ത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ്

കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ്.  സംസ്ഥാന നേതൃത്വത്തോടും എഐസിസിയോടും നന്ദിയുണ്ടെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ടി ജെ വിനോദ് പറഞ്ഞു. തന്നെക്കാളും അർഹരായ സ്ഥാനാർത്ഥികൾ കോൺഗ്രസിന് ജില്ലയിലുണ്ട്. എറണാകുളത്തേത് രാഷ്ട്രീയ പോരാട്ടമാണ്. വമ്പിച്ച ഭൂരിപക്ഷത്തില്‍ എറണാകുളത്ത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ടി ജെ വിനോദ്.

മുൻ എംഎൽഎ കെ വി തോമസിനെ തഴഞ്ഞാണ് ടി ജെ വിനോദിനെ കോൺഗ്രസ് എറണാകുളത്ത് കളത്തിലിറക്കുന്നത്.  എറണാകുളം ഡിസിസി പ്രസിഡന്‍റായ ടി ജെ വിനോദിന് ഇത് കന്നിയങ്കമാണ്. തന്‍റെ പേര് കൂടി സാധ്യതാ പട്ടികയിൽ പെടുത്തണമെന്ന് കെ വി തോമസ് ശക്തമായി ആവശ്യപ്പെട്ടതാണ്. ഒടുവിൽ അവസാനനിമിഷം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. സ്ഥാനാർ‍ത്ഥിത്വത്തിനായി കെ വി തോമസ് ദില്ലിയിൽ നേരിട്ട് പോയി സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടിരുന്നു. 

ലോക്സഭയിൽ തന്നെ തഴഞ്ഞപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നുറപ്പ് നൽകിയതാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നികിനെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. എന്നാൽ ഹൈബി പക്ഷത്തിന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. ഹൈബിയും ദില്ലിയിലെത്തി നേതാക്കളെ കണ്ടു. കെ വി തോമസ് കളത്തിലിറങ്ങുന്നതിനെതിരെ എറണാകുളം ഡിസിസിയിൽ പോസ്റ്ററടക്കം പതിച്ച സാഹചര്യത്തിലാണ് ഒടുവിൽ ഇപ്പോൾ ടി ജെ വിനോദിനെത്തന്നെ കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. 

Read Also:യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടികയായി, അരൂരിൽ ഷാനിമോൾ, കോന്നിയിൽ മോഹൻരാജ്

click me!