K Rail : കെ റെയിലിനെതിരെ സമരത്തിന് യുഡിഎഫ്; യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

By Web TeamFirst Published Nov 29, 2021, 11:57 AM IST
Highlights

 കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

തിരുവനന്തപുരം: കെ റെയിലിനെതിരെ ( k rail ) സംസ്ഥാന വ്യാപക സമരത്തിന് യുഡിഎഫ് ( udf ). കെ റയിൽ പദ്ധതിക്കെതിരെ 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തും. കെ റയിലിന്‍റെ നിശ്ചിത പാതകടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്തും. കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അട്ടപ്പാടിയിലെ ശിശുമരണത്തിനെതിരെയും സംസ്ഥാന പ്രക്ഷോഭത്തിന് യുഡിഎഫ് തീരുമാനിച്ചു. ആറാം തിയതി പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സംഘം അട്ടപ്പാടി സന്ദർശിക്കും. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. 

അതേസമയം യുഡിഎഫ് യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കെപിസിസി നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ട്. ഹൈക്കമാന്‍റ്  ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ല. രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങൾ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറൽ സെക്രട്ടറിമാർക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നൽകിയതെന്നുമാണ് വിമര്‍ശനം. 

അതേസമയം സിൽവ‍ർലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ ഉൾപ്പടെയുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടിയായി കെ റെയില്‍ എംഡി തന്നെ രംഗത്തെത്തിയിരുന്നു. കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല. റെയില്‍വേ നിയമപ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ 500 മീറ്ററിലും റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഭാവി ഗതാഗത ആവശ്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റാന്‍ പറ്റുന്ന വിധത്തിലാണ് സില്‍വര്‍ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും കെ റെയിൽ എംഡി വി അജിത്കുമാർ വ്യക്തമാക്കിയിരുന്നു. 

click me!