
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിനം ഗംഭീര വിജയമായിരുന്നെന്ന് ഇന്ദിരാഭവനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തിയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്. ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കി. ഭക്ഷ്യവസ്തുക്കള്‍ സുലഭമായിരുന്നു. കൃഷിവകുപ്പ് പച്ചക്കറി, ഓണംകിറ്റ് തുടങ്ങിയവ സുലഭമാക്കി. ടൂറിസം ഓണാഘോഷ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായി. ഓപ്പറേഷന്‍ തുഫാന്‍ വന്‍ വിജയമായി. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ 4.29 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ഉണ്ടാക്കിയ കരാര്‍ ഇടതുസര്‍ക്കാര്‍ റദ്ദാക്കിയതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.
പാലക്കാട് റെയില്‍വെ ഡിവിഷനില്‍നിന്നും മംഗലാപുരത്തെ അടര്‍ത്തി മൈസുരിനോടു ചേര്‍ത്ത കേന്ദ്രത്തിന്റെ നടപടി കേരളത്തോടുള്ള അവഗണനയാണ്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍ വിജയകരമായിരുന്നു. കേന്ദ്രഭരണകക്ഷിയായ ബിജെപി കേരളത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം നിൽക്കുന്നില്ല. എം പിമാരുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട റെയില്‍വേസ്റ്റഷനുകളുടെ മുന്നില്‍ ഇനിയും സമരം നടത്തും. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനം ഉടനേ പൂര്‍ത്തിയാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളില്‍ പാര്‍ട്ടിയുമായുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും കെ പി സി സി പ്രസിഡന്റ് അറിയിച്ചു.
തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗം ജനാധിപത്യ വിരുദ്ധമാണ്. പഴയതുപോലെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയുമാണ്. ഇതിനെതിരേ സി പി എമ്മില്‍നിന്നു തന്നെ പ്രതികരണം ഉണ്ടാകുന്നു. സി പി എം അഖിലേന്ത്യാ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പിണറായി വിജയന്റെ കാഴ്ചപ്പാടും തമ്മിലുള്ള അന്തരം സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശദീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മദ്യനയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി. കേരളത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തിയും വര്‍ഗീതയക്കു കീഴടങ്ങാതെയും മാത്രമേ പി എം ശ്രീയുമായി മുന്നോട്ടുപോകൂ. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സി പി ഐ നടത്തുന്ന പോരാട്ടത്തിന് എല്ലാ ധാര്‍മിക പിന്തുണയുമുണ്ടാകുമെന്നും സണ്ണി ജോസഫ് അറിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എം പി, കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam