
കോട്ടക്കൽ: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടക്കലില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് വിജയം. 51,781 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ആബിദ് ഹുസൈന്‍ തങ്ങള്‍ വിജയിച്ചത്. ആബിദ് ഹുസൈന്‍ തങ്ങള്‍ 96,174 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സിപിഎം സ്ഥാനാര്‍ഥി പ്രീതി കൊഞ്ചത്ത് 48,234 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ സുബ്രഹ്‍മണ്യന്‍ സി 8952 വോട്ടുകളും നേടി.
2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരുന്ന നിയോജക മണ്ഡലമാണ് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍. 2011-ൽ 35,000-ത്തിലധികം വോട്ടുകളുടെ വന്‍ ഭൂരിപക്ഷവുമായി അബ്‌ദുസമദ് സമദാനിയിലൂടെയാണ് ലീഗ് ഇവിടെ തേരോട്ടം തുടങ്ങിയത്. ഇളകാത്ത ലീഗ് കോട്ടയെന്ന വിശേഷണമുള്ള കോട്ടക്കലില്‍ ഇത്തവണയും യുഡിഎഫ് വലിയ പ്രതീക്ഷയിലായിരുന്നു. സിറ്റിംഗ് എംഎല്‍എയും ജനകീയനുമായ പ്രൊ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങളിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ മുസ്ലീം ലീഗ് തുനിഞ്ഞിറങ്ങിയപ്പോള്‍ എല്‍ഡിഎഫ് കെ പ്രീതിയെ മത്സരിപ്പിച്ച് മണ്ഡലത്തില്‍ പുത്തന്‍ പരീക്ഷണം നടത്തുകയായിരുന്നു. കോട്ടക്കലില്‍ ഹാട്രിക് ജയമായിരുന്നു ആബിദ് ഹുസൈന്‍ തങ്ങളുടെ ലക്ഷ്യം.
കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളും തിരൂർ താലൂക്കിലെ എടയൂർ, ഇരുമ്പിളിയം, കുറ്റിപ്പുറം, മരക്കര, പൊന്മള, എന്നീ പഞ്ചായത്തുകളാണ് കോട്ടക്കൽ മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്നത്. വികസനവും സമുദായിക സമവാക്യങ്ങളും ചർച്ചയായ മണ്ഡലത്തിൽ ഇത്തവണ 76.91 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.കെ ആബിദ് ഹുസൈൻ തങ്ങള്‍ 15,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. മുൻകാല തെരഞ്ഞെടുപ്പുകളേക്കാൾ കുറവ് ഭൂരിപക്ഷത്തിനാണ് ലീഗ് അന്ന് വിജയിത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇതില്‍ കണ്ണുംനട്ടായിരുന്നു ഇത്തവണത്തെ ഇടത് പ്രചാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam