പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ; തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും യുഡിഎഫ്

By Web TeamFirst Published Aug 26, 2019, 12:24 PM IST
Highlights

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് യുഡിഎഫിന്‍റെ നീക്കം. 

തിരുവനന്തപുരം: പാലാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് തന്നെ നല്‍കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. 54 വര്‍ഷമായി തുടരുന്ന കീഴ്‍വഴക്കം മാറ്റേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യുഡിഎഫ് തീരുമാനിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ഘടകക്ഷികളെല്ലാം ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് യുഡിഎഫ് യോഗം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബെന്നി ബെഹ്‍നാന്‍റെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് യുഡിഎഫിന്‍റെ നീക്കം. 

കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്ക് നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ഒരു വിഭാഗത്തിന്‍റെ തീരുമാനം. എന്നാല്‍, ജോസ് കെ മാണിയുടെ ഈ തീരുമാനത്തെ എതിര്‍ത്ത് പി ജെ ജോസഫ് വിഭാഗം രംഗത്തെത്തി. കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണനയെന്നും രണ്ടുമൂന്നു ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞിട്ടുണ്ട്.

click me!