രണ്ടില ചിഹ്നം ജോസിന്; രണ്ടും കൽപ്പിച്ച നിലപാട് മയപ്പെടുത്തി കോൺഗ്രസ്, യുഡിഎഫ് യോഗം മാറ്റി

Published : Sep 01, 2020, 12:31 PM ISTUpdated : Sep 01, 2020, 12:43 PM IST
രണ്ടില ചിഹ്നം ജോസിന്; രണ്ടും കൽപ്പിച്ച നിലപാട് മയപ്പെടുത്തി കോൺഗ്രസ്, യുഡിഎഫ് യോഗം മാറ്റി

Synopsis

ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ചെന്നിത്തല. യഥാര്‍ത്ഥ കേരളാ കോൺഗ്രസ് ആരെന്ന തര്‍ക്കം തീര്‍ന്നെന്നും തുടര്‍ നടപടികൾ കരുതലോടെ മാത്രമെ ഉള്ളു എന്നും കേരളാ കോൺഗ്രസ് 

തിരുവനന്തപുരം/ കോട്ടയം: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധി വന്നതോടെ മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനത്തിൽ അങ്കലാപ്പിലായി കോൺഗ്രസ്. മുന്നിന് യുഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് നേതാക്കൾ സൂചന നൽകിയിരുന്നെങ്കിലും ഇനി അത് ആലോചിച്ച് മതിയെന്നാണ് പൊതു ധാരണ. മൂന്നാം തീയതിയിലെ മുന്നണി യോഗം മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളിലും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തോട് മൃദു സമീപമാണ് ഇന്ന്. 

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള ആരോപണങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരോക്ഷമായി സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്തതോടെയാണ് ജോസ് കെ മാണി വിഭാഗത്തോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതാക്കളെത്തിയത്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി ഇക്കാര്യത്തിൽ അനൗദ്യോഗിക തീരുമാനവും എടുത്തിരുന്നു. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ കേകളാ കോൺഗ്രസിന് എതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ തീര്‍പ്പുണ്ടായത്. 

കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില നിയമ പോരാട്ടങ്ങൾക്കൊടുവിൽ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കിട്ടിയതോടെ അത് വരെ പിജെ ജോസഫ് അനുകൂല നിലപാടെടുത്തിരുന്ന നേതാക്കൾ വെട്ടിലായി. 

തുടര്‍ന്ന് വായിക്കാം: 'രണ്ടില' ജോസ് കെ മാണിക്ക്; തെര. കമ്മീഷനെതിരെ ജോസഫ് വിഭാഗം കോടതിയിലേക്ക്...

ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതിയ പ്രതികരണം. ചിഹ്നം സംബന്ധിച്ച തര്‍ക്കം കേരളാ കോൺഗ്രസിന്‍റെ ആഭ്യന്തര വിഷയമാണെന്നും സാങ്കേതികമായി കേരള കോൺഗ്രസ് ജോസ് വിഭാഗം യു ഡി എഫിന് പുറത്തല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂന്നിന് ചേരാനിരുന്ന യുഡിഎഫ് യോഗം മാറ്റി. തുടര്‍ തീരുമാനം ആലോചിച്ച ശേഷം മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു, 

അതേ സമയം ജോസ് വിഭാഗത്തിന് കിട്ടിയ ഓണസമ്മാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രതികരണം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഫോണിലൂടെ പോലും വോട്ട് ചോദിച്ചിട്ടില്ല. കേരളാ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്നും തുടര്‍ തീരുമാനങ്ങൾ അങ്ങേ അറ്റം സൂക്ഷ്മതയോടെ മാത്രമെ ഉണ്ടാകൂ എന്നുമാണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രതികരണം. 

ജോസ് കെ മാണിയുടെ പ്രതികരണം: 

ഓരോ കേരളാ കോൺഗ്രസുകാന്‍റേയും അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് വന്നത്. കേരളാ കോൺഗ്രസ് എം ഏതാണെന്ന് ഇതോടെ വ്യക്തമായി. ഇനി മുതൽ ജോസ് പക്ഷമില്ല. കേരളാ കോണഗ്രസ് എം മാത്രമാണ് ഉള്ളത്. കുടുംബത്തിന്‍റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും എല്ലാവരും തിരിച്ച് വരണമെന്നാണ് അഭ്യര്‍ത്ഥനയെന്നും ജോസ് കെ മാണി പറഞ്ഞു.  

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപെ മുന്നണി നിലപാട് പ്രഖ്യാപിക്കും. എല്ലാ മുന്നണിയോടും തുല്യ അകലമാണ് ഇപ്പോഴുള്ളത്. ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. റോഷി അഗസ്റ്റിന്‍റെ വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കാനുള്ള നടപടികളുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു . 

അതിനിടെ ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള ധാരണ ഇടത് മുന്നണിയിലും ഉരുത്തിരിഞ്ഞിരുന്നു. സിപിഐ കടുത്ത എതിര്‍പ്പിലാണെങ്കിലും ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇപി ജയരാജനും അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

തുടർന്ന് വായിക്കാം: 'കമോൺ ജോസേ', ജോസ് കെ മാണി ഇടത്തോട്ട് തന്നെ? പരോക്ഷ സ്വാഗതവുമായി കോടിയേരി...

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന