യുഡിഎഫ് യോഗം ഇന്ന്; കുട്ടനാട് സീറ്റ് ചർച്ചയാകും

By Web TeamFirst Published Feb 25, 2020, 7:59 AM IST
Highlights

കുട്ടനാട് സീറ്റാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേരള കോൺഗ്രസിലെ തർക്കം മൂലം സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം കോൺഗ്രസിനുണ്ട്.

തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് ചേരും. ഘടകകക്ഷികളിലെ അഭിപ്രായ ഭിന്നതയിൽ മുസ്ലീം ലീഗ് താക്കീത് നൽകിയതിന് ശേഷം നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇങ്ങനെ യുഡിഎഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തലയേയും, മുല്ലപള്ളിയേയും അറിയിച്ചത്. 

കുട്ടനാട് സീറ്റാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേരള കോൺഗ്രസിലെ തർക്കം മൂലം സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം കോൺഗ്രസിനുണ്ട്. എന്നാൽ ജോസ് കെ മാണി ഇതിനെ എതിർക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടവും യോഗം ചർച്ച ചെയ്യും. 

പൗരത്വനിയമഭേദഗതിയിൽ വലിയ പ്രക്ഷോഭം നടത്തേണ്ട സമയത്ത് തമ്മിലടിച്ച് അവസരം പാഴാക്കി. ഇതാണ് മുന്നണിയുടെ പോക്കിനെപ്പറ്റി ലീഗിന്റെ മുഖ്യവിമർശനം. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുക്കാറായിട്ടും കേരളകോൺഗ്രസ് വിഭാഗങ്ങൾ തമ്മിൽ പരസ്യമായി തമ്മിലടിക്കുന്നു. ജേക്കബ് വിഭാഗത്തിൽ പിളർപ്പുമുണ്ടാകുന്നു. തെരഞ്ഞെടുപ്പ് വർഷത്തിൽ ഈ പോക്ക് ശരിയാവില്ലെന്നാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെ ലീഗ് അറിയിച്ചിരിക്കുന്നത്. 

മുന്നിക്ക് കെട്ടുറപ്പില്ലാതായെന്നും ഇങ്ങനെ യുഡിഎഫ് യോഗം കൂടിയിട്ട് കാര്യമില്ലെന്നും ലീഗ് മുന്നറിയിപ്പ് നൽകുന്നു. യോഗത്തിലെ തീരുമാനം താഴേത്തട്ടിൽ നടപ്പാകുന്നില്ലെന്നും കെട്ടുറപ്പില്ലാതെ മുന്നോട്ട് പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നുമാണ് ലീഗിൻ്റെ അഭിപ്രായം. 
 

click me!