പൂതാടി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സിപിഎമ്മിലെ വിഭാഗീയത മുതലാക്കി എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

Published : Sep 09, 2026, 02:54 PM IST
no confidence motion-udf moves no confidence motion against ldf in pootadi grama panchayat

Synopsis

സിപിഎമ്മില്‍ പുകയുന്ന വിഭാഗീയത മുതലെടുത്ത് എല്‍ഡിഎഫ് ഭരിക്കുന്ന പൂതാടി ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം

കല്‍പ്പറ്റ: സിപിഎമ്മില്‍ പുകയുന്ന വിഭാഗീയത മുതലെടുത്ത് എല്‍ഡിഎഫ് ഭരിക്കുന്ന പൂതാടി ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്‍റ് ഇകെ ബാലകൃഷ്ണനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫിലെ പത്തംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എആര്‍ ശ്രീജിത്തിന് ഇന്നലെയാണ് കൈമാറിയത്. സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതക്കൊടുവില്‍ പാര്‍ട്ടി വിട്ട രണ്ട് അംഗങ്ങളെ കൂടെ നിര്‍ത്തി പഞ്ചായത്തിന്‍റെ ഭരണം തിരികെ പിടിക്കാന്‍ യുഡിഎഫ് നീക്കം തുടങ്ങിയതോടെ കേവല ഭൂരിപക്ഷമില്ലാത്ത എല്‍ഡിഎഫ് ഭരണസമിതി അങ്കലാപ്പിലായിരിക്കുകയാണ്. 23 അംഗ ഭരണസ മിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പത്തുവീതവും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫിലെ ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായതോടെയാണ് സിപിഎമ്മിലെ ഇകെ ബാലകൃഷ്ണന്‍ പ്രസിഡന്റ് സീറ്റിലേക്ക് എത്തിയത്. നറുക്കെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫിന് ലഭിച്ചിരുന്നു.

കുറച്ചുകാലങ്ങളായി ബിജെപി നിര്‍ണായകമായിരുന്ന പഞ്ചായത്തില്‍ സിപിഎമ്മിനുള്ളിലെ പോര് ആണ് ഭരണം തുലാസിലാക്കിയിരിക്കുന്നത്. സിപിഎമ്മില്‍ നിന്നുള്ള ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ എവി ജയന്‍, ആദിവാസി ക്ഷേമസമിതി (എകെഎസ്) മുന്‍ ജില്ലാ സെക്രട്ടറി എഎം പ്രസാദ് എന്നിവര്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് തരംതാഴ്ത്തല്‍ നടപടിക്ക് വിധേയമായി നില്‍ക്കുകയാണ്. പഞ്ചായത്ത് സ്ഥിരം സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജയനും പ്രസാദും വിട്ടുനിന്നതോടെയായിരുന്നു പാര്‍ട്ടിയുടെ നടപടി. ഇവര്‍ കാരണം മൂന്ന് സ്ഥിരംസമിതികളുടെ അധ്യക്ഷ സ്ഥാനവും യുഡിഎഫിന് ലഭിക്കുകയായിരുന്നു. അതേസമയം അവിശ്വാസപ്രമേയ നോട്ടീസിലെ തുടര്‍നടപടികളില്‍ പരസ്യമായി യുഡിഎഫിനെ പിന്തുണച്ച് രംഗത്തുവരുമോ എന്ന കാര്യം കണ്ടറിയണം. കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി വരാന്‍ സാധ്യതയുള്ളതിനാല്‍ എവി ജയനും എഎം പ്രസാദും പരസ്യമായി യുഡിഎഫിനെ പിന്തുണക്കാന്‍ സാധ്യതയില്ല. ജയനും പ്രസാദും കഴഞ്ഞ ജനുവരിയില്‍ സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഫലത്തില്‍ എട്ട് അംഗങ്ങളുടെ പിന്തുണ മാത്രമാണ് നിലവില്‍ എല്‍ഡിഎഫ് ഭരണസമിതിക്കുള്ളത്.

വികസന മുരടിപ്പ്, ജനക്ഷേമ പ്രവര്‍ത്തനങ്ങളോടുള്ള പ്രസിഡന്‍റിന്‍റെ താത്പര്യമില്ലായ്മ, കുടിവെള്ളം, റോഡ്, വന്യമൃഗശല്യം തുടങ്ങിയ സാധാരണക്കാരുടെ പ്രശ്‌നങ്ങളോട് മുഖംതിരിക്കുന്ന ഭരണസമിതിയുടെ നിലപാട്, രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം എന്നിവയാല്‍ പഞ്ചായത്ത് പ്രസിഡന്‍റില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതെന്ന് പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങളായ വിന്‍സന്‍റ് ചേരവേലില്‍, സിബി സാബു, ബിജു എരട്ടമുണ്ടയ്ക്കല്‍, ശോഭനാദേവി, മേഴ്‌സി സാബു, അതുല്‍ തോമസ് എന്നിവര്‍ അറിയിച്ചു. സ്വയം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കില്‍ വൈസ് പ്രസിഡന്റിനെതിരെയും നോട്ടീസ് നല്‍കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, യുഡിഎഫ് ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും നോട്ടീസ് നല്‍കാനെത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നോട്ടീസ് ലഭിച്ച മുറക്ക് പ്രമേയം ചര്‍ച്ച ചെയ്ത് വോട്ടിനിടാന്‍ തീയ്യതി നിശ്ചയിക്കലാണ് ആദ്യനടപടി. പഞ്ചായത്തിരാജ് നിയമപ്രകാരം അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി 15 പ്രവൃത്തിദിവസത്തിനകം തീരുമാനമെടുക്കണം. അവിശ്വാസം വിജയിച്ചാല്‍ പ്രസിഡന്റ് പുറത്താകും. ഇതോടെ ഭരണച്ചുമതല വൈസ് പ്രസിഡന്റിന് വന്നുചേരും. പ്രസിഡന്റ് പുറത്താകുന്നതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കും. അന്നും വോട്ടെടുപ്പ് നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ തടഞ്ഞു നിർത്തി യുവാവിന് നേരെ സംഘം ചേർന്ന് മർദനം; സംഭവം ആലുവയിൽ
സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്; സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍