സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല, തിരിച്ചും ഇടപെടരുത്; സമുദായ ഐക്യ നീക്കം തകർന്നതിൽ കോൺഗ്രസിന് ഒരു പങ്കുമില്ല: വിഡി സതീശൻ

Published : Jan 26, 2026, 04:57 PM IST
opposition leader vd satheesan

Synopsis

എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം പരാജയപ്പെട്ടതിൽ കോൺഗ്രസിനോ യുഡിഎഫിനോ പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സമുദായ സംഘടനകളുടെ തീരുമാനങ്ങളിൽ യുഡിഎഫ് ഇടപെടാറില്ലെന്നും അവർ തിരിച്ചും ഇടപെടരുതെന്നും സതീശൻ അഭിപ്രായപ്പെട്ടു

കൊച്ചി: എൻ എസ് എസ് - എസ് എൻ ഡി പി ഐക്യ നീക്കം പൊളിഞ്ഞതിൽ കോൺഗ്രസിനോ യു ഡി എഫിനോ ഒരു പങ്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐക്യത്തിൽ നിന്ന് പിന്മാറാൻ എൻ എസ് എസിനോട് കോൺഗ്രസ് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. സമുദായ സംഘടനകളുടെ തീരുമാനങ്ങളിൽ യു ഡി എഫ് ഇടപെടാറില്ലെന്നും അവർ തിരിച്ചും ഇടപെടരുതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയടക്കമുള്ളവരുടെ പത്മാ പുരസ്കാര നേട്ടത്തിലും അഭിനന്ദനം അറിയിച്ചു. വെള്ളാപ്പള്ളിക്കുള്ള പുരസ്കാരം എസ് എൻ ഡി പി ക്കുള്ള അംഗീകാരമാണെന്നും അതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂർ സി പി എമ്മിലേക്ക് പോകാനുള്ള ചർച്ച നടത്തുന്നുവെന്ന റിപ്പോ‍ർട്ടുകളോട്, നിങ്ങള്‍ തന്നെ വാര്‍ത്ത നല്‍കിയിട്ട് എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടതെന്നായിരുന്നു സതീശൻ പ്രതികരിച്ചത്. നേതൃയോഗങ്ങളിൽ ക്ഷണിക്കുന്നില്ല എന്ന കെ മുരളീധരന്‍റെ പരാതി ഗൗരവകരമായി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

വിവിധ സമൂഹങ്ങളും സമുദായങ്ങളും തമ്മില്‍ സൗഹൃദമുണ്ടാക്കുന്നത് നല്ലതാണ്. യോജിച്ച് പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് അവരാണ് തീരുമാനിക്കുന്നത്. യു.ഡി.എഫും കോണ്‍ഗ്രസും സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കാറുമില്ല. അവര്‍ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാത്തതു പോലെ അവരുടെ കാര്യത്തില്‍ ഞങ്ങളും ഇടപെടാറില്ല. അവര്‍ക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. അത് അവരുടെ ഇഷ്ടമാണ്. അക്കാര്യത്തില്‍ ഒരു അഭിപ്രായവുമില്ല. അവരുടേതായ ആഭ്യന്തര കാര്യങ്ങളില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലിയും അവര്‍ അവരുടെ ജോലിയും ചെയ്യട്ടെ. യോജിക്കാതിരിക്കാന്‍ അവരുടേതായ കാരണങ്ങളുണ്ടാകും. ഞങ്ങള്‍ ആരും സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ല. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്വീകരിച്ച തീരുമാനത്തില്‍ ഞങ്ങള്‍ക്ക് എന്ത് കാര്യമാണുള്ളത്. എല്ലാ ദിവസവും ഒരാളെ വിമര്‍ശിക്കാന്‍ പറ്റില്ല. എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് തിരുത്തും. ആരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനത്തോട് അസഹിഷ്ണുത പാടില്ല. അസഹിഷ്ണുത കാട്ടിയാല്‍ നമ്മളാണ് ചെറുതായി പോകുന്നത്. ഞാന്‍ ആര്‍ക്കെതിരെയും മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. ഒരു കാര്യത്തില്‍ മാത്രമെ വിയോജിപ്പുള്ളൂ, വര്‍ഗീയത പറയരുത്. വര്‍ഗീയത പറഞ്ഞാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എസ് എന്‍ ഡി പി യോഗം എത്രയോ വര്‍ഷമായി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ്. വെള്ളാപ്പള്ളി അതിന്റെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയാണ്. പത്മ പുരസ്‌കാരം എസ് എന്‍ ഡി പിക്ക് കിട്ടിയ അംഗീകാരമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എസ് എന്‍ ഡി പിക്ക് അംഗീകാരം കിട്ടുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പുരസ്‌കാര ലബ്ധിയില്‍ അദ്ദേഹത്തെ അനുമോദിക്കുന്നു. അദ്ദേഹം ഉള്‍പ്പെടെ പത്മ പുരസ്‌കാരം നേടിയ എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു.

ശശി തരൂരിനെ കുറിച്ച് നിങ്ങള്‍ തന്നെ വാര്‍ത്ത നല്‍കിയിട്ട് എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടത്. ഇതിന് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഒരു യോഗത്തില്‍ ഞാനും പങ്കെടുത്തിട്ടില്ല. പക്ഷെ നിങ്ങള്‍ അതേക്കുറിച്ച് അറിഞ്ഞില്ല. അത് വാര്‍ത്തായാക്കാത്തതില്‍ എനിക്ക് വിഷമമുണ്ട്. കെ. മുരളീധരന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉറപ്പായും പരിശോധിക്കും. അദ്ദേഹം മുതിര്‍ന്ന നേതാവാണ്. അക്കാര്യം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പടിയടച്ച് പാർട്ടി! രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി
'എൻഎസ്എസ് ആസ്ഥാനത്ത് ആരും പോയിട്ടില്ല, സാമുദായിക ഐക്യ നീക്കം പൊളിഞ്ഞതിൽ കോൺഗ്രസിന് പങ്കില്ല', തരൂർ സിപിഎമ്മിലേക്ക് പോകില്ലെന്നും അടൂർ പ്രകാശ്