സ്ഥലംമാറ്റം ലഭിച്ചതിന് ശേഷം അത് മറച്ചുവെച്ച് ചെക്ക് കേസിലെ പ്രതിയെ പിടികൂടിയ സംഭവത്തിൽ മുൻ പിറവം സ്റ്റേഷൻ ഓഫീസർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു
കൊച്ചി: സ്ഥലംമാറ്റം ലഭിച്ചതിന് ശേഷം അത് മറച്ചുവെച്ച് ചെക്ക് കേസിലെ പ്രതിയെ പിടികൂടിയ സംഭവത്തിൽ മുൻ പിറവം സ്റ്റേഷൻ ഓഫീസർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഗുരുതരമായ കൃത്യവിലോപവും അധികാര ദുരുപയോഗവും ഉണ്ടായതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാമ്പാക്കുട അഞ്ചൽപ്പെട്ടിക്ക് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പരാതിയെ അടിസ്ഥാനമാക്കിയുള്ള കേസിലാണ് സംഭവം. പ്ലാസ്റ്റിക് ചാക്കുകൾ വാങ്ങിയ വകയായി ഏഴ് ലക്ഷത്തിലധികം രൂപയ്ക്കുള്ള ചെക്ക് നൽകിയെങ്കിലും അത് മാറാതിരുന്നതിനാൽ സ്ഥാപനം കോടതിയെ സമീപിച്ചിരുന്നു. തിരുപ്പൂർ സ്വദേശി സേതുരാമനെതിരെയാണ് കേസിൽ നടപടി. മാർച്ച് 6ന് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇതിന് മുൻപും കോടതി വാറന്‍റ് നൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതിനിടെ പിറവം സ്റ്റേഷൻ ഓഫീസറായിരുന്ന ഉദ്യോഗസ്ഥന് മാർച്ച് നാലിന് തിരുവനന്തപുരത്തെ പോത്തൻകോട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കുന്നതിന് മുൻപ് അദ്ദേഹം കേസിൽ ഇടപെട്ടുവെന്നാണ് കണ്ടെത്തൽ.
മാർച്ച് 9ന് ബെംഗളൂരുവിലെത്തി പ്രതിയെ പിടികൂടി വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ചതായി അന്വേഷണത്തിൽ വ്യക്തമാകുന്നു. തുടർന്ന് പിറവം സ്റ്റേഷനിൽ വിളിച്ച് വാഹനമാവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ വാഹനം അയച്ചില്ല. ഇതോടെ പ്രതിയെ ബൈക്കിൽ പിന്നിലിരുത്തി മുളന്തുരുത്തിയിലെത്തിച്ചു. മുളന്തുരുത്തി സ്റ്റേഷനിൽ നിന്ന് വാഹനം ലഭിക്കുമോയെന്ന് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് കേസിലെ വാദിഭാഗമായ സ്വകാര്യ സ്ഥാപനത്തിന്‍റെ വാഹനത്തിലാണ് പ്രതിയെ പിറവം സ്റ്റേഷനിലെത്തിച്ചത്.
വൈകുന്നേരം കമ്പനി ജീവനക്കാരൻ വാറന്‍റുമായി പ്രതിയെ പിറവം സ്റ്റേഷനിൽ എത്തിച്ചതായും പൊലീസ് തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയതായും റിപ്പോർട്ടുണ്ട്. കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. കേസ് 12-ന് പരിഗണിച്ച കോടതി ജാമ്യം നീട്ടി കേസ് 16ലേക്ക് മാറ്റി. സ്ഥലംമാറ്റം ലഭിച്ചതിന് ശേഷവും അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് പോയി പ്രതിയെ പിടികൂടിയതാണ് വിവാദമായത്. പ്രതിയുമായി മുളന്തുരുത്തിയിലെത്തിയതും ബേക്കറിയിൽ ചായ കുടിച്ചതുമടക്കമുള്ള ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.



