
തിരുവനന്തപുരം: ക്ഷേമത്തിലൂന്നിയ ജനകീയ മാനിഫെസ്റ്റോ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം ആറായിരം രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ലൈഫ് പദ്ധതി നിർത്തുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന ചെന്നിത്തലയും മുല്ലപ്പള്ളിയും തിരുത്തി. ഇടത് സർക്കാറിൻറെ സൗജന്യ കിറ്റ് വിതരണം തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടായതോടെയാണ് ജനക്ഷേമ പദ്ധതികളിലേക്കുള്ള യുഡിഎഫിൻറെ ചുവട് മാറ്റം.
സർക്കാറിനെതിരായ അഴിമതി മാത്രം പറഞ്ഞാൽ ഏശില്ലെന്ന തദ്ദേശ തെരഞ്ഞെടുപ്പ് അനുഭവം മുൻനിർത്തിയാണ് യുഡിഎഫിൻറെ നയം മാറ്റം. അഴിമതി തുറന്ന് കാട്ടുന്നതിനൊപ്പം ജനക്ഷേമത്തിലും ഊന്നിയാണ് വോട്ട് തേടൽ. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വേണ്ടി രാഹുൽ ഗാന്ധി ആവിഷ്‌കരിച്ച സ്വപ്ന പദ്ധതി ന്യായ് ആണ് കരട് പ്രകടന പത്രികയിലെ പ്രധാന സവിശേഷത.
ഇതിന് പുറമെ കാരുണ്യ പദ്ധതി ശക്തമാക്കും, ബിൽ രഹിത ആശുപത്രി പദ്ധതി വഴി സൗജന്യ ചികിത്സ ഉറപ്പാക്കും, തൊഴിലുറപ്പ് വേതനം കൂട്ടും, തൊഴിൽ ദിനങ്ങളുടെ എണ്ണവും ഉയർത്തും. ലൈഫ് പദ്ധതി നിർത്തുമെന്ന എംഎം ഹസ്സന്റെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് തിരുത്ത്. മാറ്റങ്ങളോടെ ലൈഫ് തുടരാനാണ് നീക്കം.
അതേ സമയം വോട്ട് കുറഞ്ഞാലും ഇടത് സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ ചവറ്റു കൊട്ടയിൽ എറിയുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിലൂടെ ജനങ്ങൾക്കും യുഡിഎഫിന്റെ പ്രകടന പത്രികയിലേക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാം. ജനാഭിപ്രായങ്ങൾ കൂടി ചേർത്താകും അന്തിമ പ്രകടന പത്രിക തയ്യാറാക്കുകയെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam