സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും

Published : Mar 17, 2026, 11:31 PM IST
pk sasi

Synopsis

സിപിഎം വിട്ട മുൻ എംഎൽഎ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് ശശിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കോൺഗ്രസ് ഓഫീസിലടക്കം പ്രത്യക്ഷപ്പെട്ടു. സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം

പാലക്കാട്: സി പി എമ്മിൽ കലാപക്കൊടി ഉയർത്തി പുറത്തുവന്ന മുൻ എം എൽ എ പി കെ. ശശി ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയെന്ന് ഉറപ്പാകുന്നു. ശശിയെ യു ഡി എഫ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റപ്പാലത്തെ ബ്ലോക്ക് കോൺഗ്രസ് ആസ്ഥാനത്താണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ശശിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 'ഒറ്റപ്പാലം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പി കെ ശശിയെ വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററുകളിലെ അഭ്യർത്ഥന. പി കെ ശശി സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നും യു ഡി എഫ് പിന്തുണക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ യു ഡി എഫിന്റെ സ്വന്തം സ്ഥാനാർത്ഥിയായി ശശിയെ പോസ്റ്ററുകളിൽ ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ചിഹ്നം എന്താണെന്ന് പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടില്ല. സി പി എമ്മിലെ കലാപത്തിന് പിന്നാലെ ശശി, യു ഡി എഫ് പാളയത്തിലേക്ക് എത്തുന്നത് പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ യു ഡി എഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ തീരുമാനം വൈകാതെ അറിയാനാകും.

കൂടുമാറിയർക്ക് 'കൈ'കൊടുത്ത് കോൺഗ്രസ്

തെരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മിൽ നിന്ന് കൂടുമാറിയവർക്ക് 'കൈ'കൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്തെ പ്രമുഖ സി പി എം നേതാവും കൊട്ടാരക്കരയിലെ മുൻ എം എൽ എയുമായ ഐഷ പോറ്റിയാണ് ആദ്യം കോണഗ്രസിന് കൈ കൊടുത്ത് കൂറുമാറിയത്. ഐഷ പോറ്റിയെ കൊട്ടാരക്കരയിലെ അങ്കത്തട്ടിൽ വീണ്ടുമിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ധനമന്ത്രി കെ എൻ ബാലഗോപാലിനെ അട്ടിമറിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫായിരുന്ന എസ് സുരേഷിനും വലിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. ഇന്ന് പാർട്ടി അംഗത്വമെടുത്ത സുരേഷിനെ വി എസിന്‍റെ സ്വന്തം മലമ്പുഴയിൽ തന്നെയാണ് പോരിനിറക്കിയിരിക്കുന്നത്. വി എസിന്‍റെ പിൻഗാമിയായി മലമ്പുഴയിൽ ചെങ്കൊടി പാറിച്ച എ പ്രഭാകരനെ സുരേഷ് മലർത്തിയടിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. സി പി എം ബന്ധം ഉപേക്ഷിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ എന്നിവർക്കും പിന്തുണ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തീരുമാനമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ സീറ്റില്ല? എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക്; സ്ത്രീ പീഡനക്കേസിലെ നിരപരാധിത്വം തെളിയിക്കാൻ നീക്കം
ആദ്യ ഉത്തരവ് തിരുത്തി, മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സര്‍ക്കാര്‍