തലശ്ശേരിയിൽ പോലും മുന്നേറ്റം; വടക്കൻ കേരളത്തിൽ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിച്ച് യുഡിഎഫ്

Published : Dec 13, 2025, 10:22 PM IST
UDF victory in North Kerala

Synopsis

പിണറായി വിജയൻ - വെള്ളാപ്പള്ളി കൂട്ടുകെട്ടു മുതൽ പിഎം ശ്രീ യിലെ നിലപാട് വരെ പല കാരണങ്ങളാലാണ് ന്യൂനപക്ഷങ്ങൾ സിപിഎമ്മിനെ കൈവിട്ടത്.

മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിച്ച് യുഡിഎഫ് വടക്കൻ കേരളത്തിൽ നടത്തിയത് വലിയ തേരോട്ടം. മലപ്പുറത്ത് മാത്രമല്ല,  പരമ്പരാഗതമായി മുസ്ലിങ്ങൾ സിപിഎമ്മിനെ പിന്തുണക്കുന്ന തലശ്ശേരിയിൽ പോലും യുഡിഎഫ് വലിയ നേട്ടമുണ്ടാക്കി. പിണറായി വിജയൻ - വെള്ളാപ്പള്ളി കൂട്ടുകെട്ടു മുതൽ പിഎം ശ്രീ യിലെ നിലപാട് വരെ പല കാരണങ്ങളാലാണ് ന്യൂനപക്ഷങ്ങൾ സിപിഎമ്മിനെ കൈവിട്ടത്.

ഇ കെ സുന്നികൾ മുതൽ മുസ്ലിം ലീഗിനെ വരെ പ്രീണിപ്പിക്കാൻ ശ്രമിച്ച് ഒടുവിൽ കൈവിട്ട് ഭൂരിപക്ഷ സമുദായ പ്രീണനത്തിന് ശ്രമിച്ച സിപിഎമ്മിനു  ഇത്തവണ വലിയ തകർച്ചയാണ് ഉണ്ടായത്. ന്യൂനപക്ഷ മേഖലകളിൽ എല്ലാം സിപിഎം തകർന്നടിഞ്ഞു. പട്ടാമ്പി തൊട്ട് കാസർകോട് വരെയുള്ള മുസ്ലിം ന്യൂനപക്ഷ മേഖലകളിൽ നൂറുകണക്കിന് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാണ് സിപിഎമ്മിന് നഷ്ടമായത്. മലപ്പുറം ജില്ലയിൽ ഏറെക്കാലം കയ്യിലിരുന്ന പെരിന്തൽമണ്ണയും നിലമ്പൂരുമടക്കം മുൻസിപ്പാലിറ്റികൾ കൈവിട്ടു പോയി. ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും നിലംപരിശായി. കഴിഞ്ഞ തവണ 24 ഗ്രാമപഞ്ചായത്തുകളിൽ ജയിച്ചെങ്കിൽ ഇത്തവണ അത് ആറായി കുറഞ്ഞു. മുസ്ലിം വോട്ടുകൾ വിധി നിർണയിക്കുന്ന കോഴിക്കോട് കോർപ്പറേഷനിൽ സ്വാധീനം നഷ്ടപ്പെട്ടു.

തലശ്ശേരി മുൻസിപ്പൽ മേഖലയിൽ അടക്കം മുസ്ലിം ലീഗ് ശക്തമായി തിരിച്ചുവന്നു. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ എല്ലാം സിപിഎം വലിയ തിരിച്ചടിയാണ് നേരിട്ടത്. ജമാഅത്തെ ഇസ്ലാമി വിവാദം സിപിഎം അടിക്കടി ഉയർത്തിയെങ്കിലും യുഡിഎഫുമായി സഖ്യമില്ലാതെ മത്സരിച്ച സീറ്റുകളിൽ പോലും വെൽഫെയർ പാർട്ടി ജയിച്ചു കയറി. ന്യൂനപക്ഷ ധ്രുവീകരണം എന്തുകൊണ്ട് ഉണ്ടായി എന്ന് മനസ്സിലാക്കാതെ പതിവുപല്ലവി ആവർത്തിക്കുകയാണ് സിപിഎം നേതൃത്വം.

സിപിഎമ്മിന് ആശ്വസിക്കാൻ കാരശ്ശേരിയും വാണിമേലും

ഈ തകർച്ചക്കിടയിലും കാരശ്ശേരിയും വാണിമേലും അടക്കം ചില ന്യൂനപക്ഷ സ്വാധീന മേഖലകളിലെ പഞ്ചായത്തുകൾ തിരിച്ചുപിടിക്കാൻ എൽഡിഎഫിനായി. പാലക്കാട്, കാസർഗോഡ് ജില്ലാ പഞ്ചായത്തുകൾ നിലനിർത്താൻ കഴിഞ്ഞു എങ്കിലും കോഴിക്കോട് കൈവിട്ടുപോയി. മുക്കം മുനിസിപ്പാലിറ്റി നിലനിർത്താൻ ആയത് എൽഡിഎഫിന് ആശ്വാസമായി. പാലക്കാട് ജില്ലയിൽ പരമ്പരാഗത തദ്ദേശ സ്ഥാപനങ്ങൾ മിക്കതും നഷ്ടമായി. പട്ടാമ്പിയും ചെർപ്പുളശ്ശേരിയും കൈവിട്ടു. 

ഇരട്ടക്കൊലയെ തുടർന്ന് കൈവിട്ടുപോയ കാസർഗോഡ് പുല്ലൂർ പെരിയാ പഞ്ചായത്തിൽ തുല്യ സീറ്റുകൾ നേടിയത് നേട്ടമായി. മികച്ച ലീഡുണ്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് ഭരണ കാലാവധികളിൽ ന്യൂനപക്ഷ പ്രീണനത്തിനായി പല വേഷം കിട്ടിയ സിപിഎം ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിന് എത്തിയത് വെള്ളാപ്പള്ളി നടേശന്റെ തോളിൽ കയ്യിട്ടായിരുന്നു. വ്യായാമ പരിപാടിയെ പോലും വർഗീയതയായി മുദ്രകുത്തി. മുഖ്യമന്ത്രിയടക്കം പല നേതാക്കളുടെയും പരാമർശങ്ങളിൽ ന്യൂനപക്ഷ വിരുദ്ധത കടന്നുവന്നത് വോട്ടർമാർ മറന്നില്ല. ഇതിനൊപ്പം ഭരണ വിരുദ്ധ വികാരവും അലടിച്ചപ്പോൾ താരതമ്യേനെ അധ്വാനം ഇല്ലാതെ നടത്തിയ പ്രചാരണത്തിനൊടുവിൽ യുഡിഎഫിന് വീണുകിട്ടിയത് വൻ ലോട്ടറി. മലബാറിൽ വൻ മുന്നേറ്റം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടകര ഏറാമലയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം, സ്കൂട്ടർ പൊട്ടിത്തെറിച്ച് കോഴിക്കോടും മരണം
നീണ്ട 'ക്യൂ' ഒരിടത്തും കണ്ടില്ല, ഭരണവിരുദ്ധ 'ദേഷ്യം' പ്രകടമായില്ല, പക്ഷേ ജനം നയം വ്യക്തമാക്കിയ 'വിധി'; സിഎമ്മും സിപിഎമ്മും അറിഞ്ഞില്ല ആ 'നിശ്ശബ്ദത'