നീണ്ട 'ക്യൂ' ഒരിടത്തും കണ്ടില്ല, ഭരണവിരുദ്ധ 'ദേഷ്യം' പ്രകടമായില്ല, പക്ഷേ ജനം നയം വ്യക്തമാക്കിയ 'വിധി'; സിഎമ്മും സിപിഎമ്മും അറിഞ്ഞില്ല ആ 'നിശ്ശബ്ദത'

Published : Dec 13, 2025, 10:12 PM IST
Kerala Local body Elections

Synopsis

കോൺഗ്രസ് പാർട്ടി എങ്ങനെയാണ് പരിമിതികൾ മറികടന്ന് മിന്നുന്ന തെരഞ്ഞെടുപ്പ് വിജയം കൈവരിച്ചതെന്നത് സൂക്ഷ്മ വിശകലനം ചെയ്യുമ്പോൾ 7 കാര്യങ്ങളാണ് പ്രധാനമായും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനച്ചതെന്ന് വ്യക്തമാകും. അതാണ് സി എമ്മും സി പി എമ്മും ശ്രദ്ധിക്കാതെ പോയതും

ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടത്തിലായി നടന്ന വോട്ടെടുപ്പിലും പ്രകടമായത് വോട്ടർമാരുടെ തികഞ്ഞ നിസംഗതയായിരുന്നു. പല ജില്ലകളിലും പോളിംഗിൽ ദൃശ്യമായ കുറവും ബൂത്തുകളിൽ ദൃശ്യമാകാത്ത ആവേശവും മൂന്ന് മുന്നണികളെയും ഒരുപോലെ കുഴക്കി. ഭരണ വിരുദ്ധ തരംഗം ഉണ്ടാവാറുള്ള വോട്ടെടുപ്പുകളിൽ പൊതുവെ വോട്ടർമാർ അതിരാവിലെ നീണ്ട ക്യൂവിൽ നിന്ന് തങ്ങളുടെ ദേഷ്യം വോട്ടാക്കി മാറ്റുന്ന പതിവുണ്ട്. ഇക്കുറി അങ്ങനെയൊന്നു എങ്ങും കണ്ടതേയില്ല. അതുകൊണ്ടു തന്നെ പ്രകടമായ ഒരു ഭരണവിരുദ്ധ വികാരം കേരളത്തിലുണ്ടെന്നത് ഭരണപക്ഷമായ എൽ ഡി എഫോ മുഖ്യ പ്രതിപക്ഷമായ യു ഡി എഫോ തിരിച്ചറിഞ്ഞില്ല. അഞ്ച് ജില്ലാ പഞ്ചായത്തുകളും മൂന്ന് നഗരസഭകളും പകുതിയോളം ബ്ലോക്ക് പഞ്ചായത്തുകളും പിടിക്കും, നഗരസഭകളിൽ കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി മെച്ചപ്പെടും എന്നായിരുന്നു യു ഡി എഫ് നേതാക്കൾ അവസാന വട്ട കണക്കുകൂട്ടലുകളിൽ പോലും ഉറപ്പിച്ചത്.

അതിനെയും കവച്ചു വയ്ക്കുന്ന വിജയം 15 വർഷം മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ സമഗ്രാധിപത്യത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്. വോട്ടെടുപ്പ് ദിനത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചേരിതിരിഞ്ഞു പോരാടുന്ന നേതാക്കളുള്ള കോൺഗ്രസ്, സർക്കാരിനെ പ്രതിരോധത്തിലാക്കാൻ വീണു കിട്ടിയ വിഷയങ്ങളിൽ പോലും ആശയക്കുഴപ്പം പ്രകടമാക്കിയ കോൺഗ്രസ്, വാർഡ് തലത്തിൽ പ്രചാരണ സംവിധാനം ഊർജിതമാക്കാൻ വേണ്ട ആളും അർത്ഥവും ഇല്ലാതിരുന്ന കോൺഗ്രസ്, സംസ്ഥാന സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഭരണകക്ഷിക്ക് അന്യായ നേട്ടം കൈവരിക്കാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞത് നിസഹായരായി നോക്കി നിൽക്കേണ്ടി വന്ന കോൺഗ്രസ്. ആ പാർട്ടി എങ്ങനെയാണ് പരിമിതികൾ മറികടന്ന് മിന്നുന്ന തെരഞ്ഞെടുപ്പ് വിജയം കൈവരിച്ചതെന്നത് സൂക്ഷ്മ വിശകലനം അർഹിക്കുന്ന കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ 7 കാര്യങ്ങളാണ് പ്രധാനമായും ഈ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനച്ചതെന്ന് വ്യക്തമാകും. അതാണ് സി എമ്മും സി പി എമ്മും ശ്രദ്ധിക്കാതെ പോയതും.

1 അലയടിച്ച് ഭരണവിരുദ്ധ വികാരം

അഞ്ച് വർഷം കൂടുമ്പോൾ മുന്നണികളെ മാറ്റിപ്പരീക്ഷിക്കുന്ന കേരളത്തിൽ തുടർച്ചയായ പത്താം വർഷമാണ് പിണറായി വിജയൻ സർക്കാർ അധികാരം കയ്യാളുന്നത്. ചിരപരിചയത്തിന്‍റെ ചെടിപ്പും ഭരണ പരാജയത്തോടുള്ള രോഷവും കാരണം നല്ലൊരു വിഭാഗം ജനങ്ങൾ സർക്കാരിനെതിരായ മാനസികാവസ്ഥയിൽ ആയിരുന്നു. ഭരണമേറ്റ ആദ്യ ദിവസം മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് അത്യാവശ്യ വികസന, ക്ഷേമ പദ്ധതികളുടെ വിഹിതം വരെ വെട്ടിക്കുറച്ച സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുന്നേ ക്ഷേമ പെൻഷൻ വർധിപ്പിച്ചതും സ്ത്രീകൾക്ക് പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതും വോട്ട് തട്ടാനുള്ള തന്ത്രമായി ജനങ്ങൾ തിരിച്ചറിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ബി ജെ പിയും സഖ്യ കക്ഷികളും പയറ്റി തെളിഞ്ഞ ഈ തന്ത്രം അഭ്യസ്ത വിദ്യരായ വോട്ടർമാർ കൂടുതലുള്ള കേരളത്തിൽ വോട്ടിനായി നൽകുന്ന കൈക്കൂലിയെന്ന മട്ടിൽ വ്യാഖ്യാനിക്കപ്പെട്ടെന്ന് കരുതേണ്ടി വരും. അതുമല്ലെങ്കിൽ വേതന വർധനയ്ക്ക് വേണ്ടി 265 ദിവസം ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ സമരം ചെയ്ത ആശമാരെ കാണാതെ പെട്ടെന്ന് പൊട്ടിവന്ന അഗതി സ്നേഹത്തിന്റെ പൊരുൾ എന്തെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങി ജനങ്ങൾ നിരന്തരം ഇടപെടുന്ന വകുപ്പുകളിൽ ഉണ്ടായ വീഴ്ചകൾ ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടി. ഭരണത്തുടർച്ചയുടെ ചെടിപ്പിനെ മറികടക്കാൻ ബി ജെ പി പയറ്റുന്ന തന്ത്രം അവസാന വർഷങ്ങളിൽ മന്ത്രിമാരെയും ചിലപ്പോൾ മുഖ്യമന്ത്രിയെ തന്നെയും മാറ്റിയുള്ള പരീക്ഷണമാണ്. ഇവിടെയാകട്ടെ നിരന്തരം കുഴപ്പത്തിലാകുന്ന വകുപ്പുകളിലെ മന്ത്രിമാരെ പോലും മാറ്റാൻ മുഖ്യമന്ത്രിയും പാർട്ടിയും തയാറായിരുന്നില്ല. ഇനി ആ പരിഹാരം നടപ്പാക്കാനുള്ള സമയവുമില്ല.

2 ആരാണ് കൂടുതൽ നല്ല ഹിന്ദു?

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് സി പി എം ഹിന്ദു പ്രീണന നയങ്ങൾ പ്രകടമായി നടപ്പാക്കി തുടങ്ങിയത്. പൗരത്വ ബില്ല് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എടുത്ത മതേതര നിലപാട് സി പി എമ്മിന് ന്യൂനപക്ഷ മുഖം നൽകിയെന്നും അത് ഭൂരിപക്ഷ വോട്ടർമാരെ അകറ്റിയെന്നുമുള്ള ആഭ്യന്തര വിലയിരുത്തലാണ് ഹിന്ദു സമുദായ സംഘടനകളോട് കൂടുതൽ അടുക്കാനും ഭൂരിപക്ഷ സമുദായത്തെ പ്രീതിപ്പെടുത്താനുള്ള തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനും രണ്ടാം പിണറായി സർക്കാരിനെ പ്രേരിപ്പിച്ചത്. അടുത്തിടെ പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം ഈ പദ്ധതിയിലെ ഏറ്റവും അവസാനത്തേത് ആയിരുന്നു. ആ വേദിയിൽ എൻ എസ് എസിന്റെ സംഗീത് കുമാറിനെയും എസ് എൻ ഡി പിയുടെ വെള്ളാപ്പള്ളി നടേശനെയും ഇരുവശത്തും നിർത്തി അഭിമാനത്തോടെ നിവർന്നു നിന്ന പിണറായി വിജയൻ ന്യൂനപക്ഷ സമുദായങ്ങൾക്ക് സമ്മാനിച്ചത് കൊടിയ അവിശ്വാസമായിരുന്നു. തുടർ ദിനങ്ങളിൽ വെള്ളാപ്പള്ളി മുസ്ലിം സമുദായത്തിന് നേരെ നടത്തിയ വർഗീയ വിഷം വമിപ്പിക്കുന്ന പരാമർശങ്ങളെ തള്ളിപ്പറയാൻ പോലും സി എമ്മോ സി പി എമ്മോ തയാറായില്ല. ആ വോട്ടുകൾ പോയാലും ബി ജെ പിയിലേക്ക് പോകേണ്ട ഹിന്ദു വോട്ടുകളെ അരിവാൾ ചുറ്റിക തണലിൽ കെട്ടിയിടാൻ കഴിയുമെന്ന കണക്കുകൂട്ടലിൽ മതേതരത്വത്തിന് ഉണ്ടായ കോട്ടം പോലും ലാഘവത്തോടെയാണ് പിണറായിയും എം വി ഗോവിന്ദനും കണ്ടത്.

3 ബി ജെ പിയുമായി രഹസ്യ ബാന്ധവം

പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ഇ ഡി അന്വേഷണം മുതൽ പി എം ശ്രീ പദ്ധതി തലയിൽ മുണ്ടിട്ട് പോയി ഒപ്പുവച്ചത് വരെയുള്ള സംഭവങ്ങൾ സി പി എം - ബി ജെ പി രഹസ്യ ധാരണയെന്ന പ്രതിപക്ഷ ആരോപണം ശക്തമാക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ. ഈ പറഞ്ഞ വിഷയങ്ങൾക്ക് ഒന്നും കൃത്യമായ മറുപടി വോട്ടർമാർക്ക് നൽകാൻ എൽ ഡി എഫിന് കഴിഞ്ഞിട്ടില്ല. പിണറായിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞു തള്ളിയാലും അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പി എം ശ്രീ കരാർ സി പി ഐയെപ്പോലും അറിയിക്കാതെ ഒപ്പിട്ട സംഗതി ഇരു കക്ഷികളും തമ്മിലുള്ള ഇടപാടിൽ എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് വോട്ടർമാർക്കിടയിൽ സൃഷ്ടിച്ചത്. മറുവശത്ത് രാഹുൽ ഗാന്ധിയാകട്ടെ ഓരോ ദിവസവും അതി ശക്തമായി കേന്ദ്ര സർക്കാരിനെയും മോദിയെയും എതിർത്തുകൊണ്ടേയിരുന്നു. വോട്ട് ചോരി വിവാദവും അതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനങ്ങളും കേരളത്തിൽ ഉയർത്തിയ ചർച്ചകൾ പൊതുവെ യു ഡി എഫിന് ഗുണകരമായി. കുറഞ്ഞ പക്ഷം, രാഹുൽ ഗാന്ധിക്ക് മോദിയുമായി രഹസ്യ ഡീലുകൾ ഇല്ലെന്നെങ്കിലും ജനത്തിന് ബോധ്യമായി.

4 സ്വർണപ്പാളിയിൽ തെന്നി

ആസൂത്രിത നീക്കങ്ങളിലൂടെ മാസങ്ങൾ പണിപ്പെട്ട് ഒപ്പം കൂട്ടിയ ഹിന്ദു വിശ്വാസി സമൂഹമാണ് ശബരിമല സ്വർണപ്പാളി വിവാദത്തിൽ പാർട്ടിയെ കൈവിട്ടത്. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്ത്രീ പ്രവേശന വിവാദം എങ്ങനെ യു ഡി എഫിനെ തുണച്ചോ അതെ മാതൃകയിലാണ് സ്വർണപ്പാളി വിവാദത്തിലും വിശ്വാസികൾ കോൺഗ്രസിന് പിന്നിൽ അണിനിരന്നത്. അയ്യപ്പന്‍റെ പൊന്ന് കട്ടത് സി പി എം ആണെന്ന നരേറ്റീവ്‌, സാവധാനം കെട്ടിപ്പടുക്കാൻ യു ഡി എഫ് നേതാക്കൾക്ക് കഴിഞ്ഞു. ഇതിനെ മറികടക്കാൻ വേണ്ടിയാണ് സർക്കാർ അന്വേഷണം വേഗത്തിലാക്കിയതും സി പി എം നേതാക്കൾ തന്നെയായ എൻ വാസുവിനെയും എ പത്മകുമാറിനെയും ജയിലിൽ അടച്ചതും. എന്നാൽ സി പി എമ്മുകാർ ആണ് പൊന്ന് കട്ടതെന്ന നരേറ്റീവ്‌ ശക്തിപ്പെടുത്താനാണ് ഈ നടപടികൾ സഹായിച്ചത്. വാർഡുകൾ തോറും കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് ഉപയോഗിച്ച ഈ വിഷയത്തിൽ ഊന്നിയ പ്രചാരണ ഗാനം വമ്പൻ ഹിറ്റ് ആയിരുന്നു.

5 ജമാ അത്ത് വിവാദം

യു ഡി എഫിന് ജമാ അത്തുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടെന്ന പ്രചാരണം സി പി എം ഏറ്റെടുത്തത് ബോധപൂർവമായിരുന്നു. കുറച്ചുകാലമായി തുടർന്നുവന്നിരുന്ന ഹിന്ദു പ്രീണന നയത്തിന്റെ സ്വാഭാവിക തുടർച്ചയായിരുന്നു ഈ ക്യാമ്പയിൻ. എന്നാൽ, തന്ത്രപരമായ സമീപനത്തിലൂടെ ജമാ അത്ത് വോട്ടുകൾ ഉറപ്പിച്ചു നിർത്താനും അതെ സമയം തന്നെ സി പി എം പ്രചരണത്തിലെ വൈരുധ്യം തുറന്നു കാട്ടാനും പ്രതിപക്ഷത്തിനായി. അതിനായി അവർ പിണറായി വിജയൻ പണ്ട് നടത്തിയ വോട്ട് ചർച്ചകൾ വീണ്ടും വിഷയമാക്കി. അവസാനം പിണറായിക്ക് തന്നെ അക്കാര്യം സമ്മതിക്കേണ്ടിയും വന്നു. എന്തായാലും വടക്കൻ കേരളത്തിൽ യു ഡി എഫ് നേടിയ കൂറ്റൻ വിജയം തെളിയിക്കുന്നത് മുസ്ലിം ലീഗിന് പുറമെ മറ്റു മുസ്ലിം സംഘടനകളും മുന്നണിയുടെ പിന്നിൽ ഒറ്റക്കെട്ടായി നിലനിന്നുവെന്നാണ് തെളിയിക്കുന്നു.

6 മധ്യ കേരളത്തിന്റെ വോട്ട്

പരമ്പരാഗത ശക്തികേന്ദ്രങ്ങളായ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വളരെ മികച്ച വിജയം നേടാൻ യു ഡി എഫിന് കഴിഞ്ഞു. ശബരിമല വിഷയം കാര്യമായി സ്വാധീനിച്ച ഈ ജില്ലകളിൽ ക്രിസ്ത്യൻ വോട്ടർമാരുടെ പിന്തുണയും നേടിയെടുക്കാൻ അവർക്കായി. ബി ജെ പി ഉന്നമിട്ടിരുന്ന ക്രിസ്ത്യൻ വോട്ട് ബാങ്ക് കാര്യമായ വിള്ളലില്ലാതെ കാത്ത് സൂക്ഷിക്കാൻ കോൺഗ്രസിനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും കഴിഞ്ഞു. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ നിയോഗിച്ചത് മധ്യകേരളം പിടിക്കുന്നതിൽ നിർണായകമായ ചുവടുവയ്പ്പ് ആയിരുന്നു.

7 മാങ്കൂട്ടത്തിൽ കുരുക്ക്

നേരത്തെ തന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങി പ്രധാന തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല മുതിർന്ന നേതാക്കളെ ഏൽപ്പിച്ച് ചിട്ടയായി പ്രവർത്തനം നടത്തിയ യു ഡി എഫിന്റെ തലയ്‌ക്കേറ്റ പ്രഹരമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാൽസംഗ പരാതികളും പൊലീസ് കേസും. എന്നാൽ തുടക്കത്തിൽ തന്നെ പാലക്കാട് എം എൽ ഐ തള്ളിയ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാടിന് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിച്ചു. നേതൃത്വത്തിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും ആദ്യ കേസിൽ മുൻ‌കൂർ ജാമ്യം തള്ളിയതോടെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരോട് ശക്തമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന പ്രതീതി സൃഷ്ടിക്കാൻ സഹായിച്ചു. സമാന കേസുകളിൽ സി പി എം കുറ്റക്കാരെ ചേർത്തുപിടിച്ചത് രാഷ്ട്രീയമായി ഉന്നയിക്കാൻ യു ഡി എഫിന് കഴിഞ്ഞു.

 രാഹുലും ഷാഫിയും ഊട്ടിവളർത്തിയ സൈബർ യോദ്ധാക്കൾ അല്ല കോൺഗ്രസിന്റെ യഥാർത്ഥ അണികൾ എന്ന് പാർട്ടിയോട് പറയാതെ പറയാൻ കൂടെ സഹായിച്ചു ഈ തെരഞ്ഞെടുപ്പ് ഫലം. ഗ്രാമങ്ങളിലും നഗരങ്ങളിലും നിസ്വാർത്ഥരായ പണിയെടുക്കുന്ന ആയിരങ്ങളും അവരെ ഊർജസ്വലരാക്കി നയിക്കാൻ കഴിഞ്ഞ പഴയ തലമുറയിലെ നേതാക്കളും ചേർന്നാൽ റിയൽ ആയ വിജയം സാധ്യമാണെന്ന് തെളിയിക്കുന്നതായി ഈ തെരഞ്ഞെടുപ്പ് ഫലം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ
'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്