ന്യൂനപക്ഷ സ്കോളർഷിപ്പിൽ യുഡിഎഫിൽ സമവായം: സതീശൻ - ലീഗ് ഭിന്നത പരിഹരിച്ചു

By Web TeamFirst Published Jul 22, 2021, 12:50 PM IST
Highlights

ന്യൂനപക്ഷസ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തതോടെയാണ് തർക്കം തുടങ്ങുന്നത്. പ്രതിപക്ഷനേതാവിന്റെ നിലപാട് മുസ്ലീംലീഗ് തള്ളിയതോടെ ഭിന്നത പരസ്യമായി.

തിരുവനന്തപുരം: ന്യൂനപക്ഷസ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലീഗ്. മുസ്ലീങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കുറവ് വരുത്തരുതെന്നും ക്രൈസ്തവവിഭാഗങ്ങൾക്ക് പ്രത്യേകപദ്ധതി ആവിഷ്ക്കരിക്കണമെന്നും ആവശ്യപ്പെടാൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന  യുഡിഎഫ് യോഗം തീരുമാനിച്ചു. യുഡിഎഫ് യോഗത്തിന് പിന്നാലെ മതസംഘടനാനേതാക്കളുടെ യോഗവും മുസ്ലീം ലീഗ് വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് യോഗം.  

ന്യൂനപക്ഷസ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തതോടെയാണ് തർക്കം തുടങ്ങുന്നത്. പ്രതിപക്ഷനേതാവിന്റെ നിലപാട് മുസ്ലീംലീഗ് തള്ളിയതോടെ ഭിന്നത പരസ്യമായി. ജനസംഖ്യാനുപാതികമായി ക്രൈസ്തവർക്ക് സ്കോളർഷിപ്പ് വേണമെന്ന് പി.ജെ.ജോസഫും ആവശ്യപ്പെട്ടതോടെ കോൺഗ്രസ് വെട്ടിലായി. തുടർന്നാണ് വിഷയത്തിൽ ഏകീകൃത നിലപാട് സ്വീകരിക്കാൻ അടിയന്തിര യുഡിഎഫ് നേതൃയോഗം ചേർന്നത്.

മുസ്ലീം സമുദായത്തിന്റെ ആനുകൂല്യങ്ങളിൽ കുറവ് വരില്ലെന്ന സർക്കാർ നിലപാടിനെയാണ് സ്വാഗതം ചെയ്തതെന്ന് സതീശൻ യുഡിഎഫ് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് നേരത്തെ സർവകക്ഷിയോഗത്തിലെടുത്ത നിലപാട് ശക്തമായി ഉന്നയിക്കാൻ നേതാക്കൾ തീരുമാനിച്ചു. സതീശന്റെ വിശദീകരണത്തോടെ വിവാദം അവസാനിപ്പിക്കാനും നേതാക്കൾ ധാരണയായി. യോഗം കഴിഞ്ഞ് ലിഗ് നേതാക്കളും വി ഡി സതീശനും ഒരുമിച്ച് പുറത്തിറങ്ങി ആശയക്കുഴപ്പം പരിഹരിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!