
കോട്ടയം: യുഡിഎഫിന്‍റെ പുറത്താക്കല്‍ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നു. പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോൺഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോൾ യുഡിഎഫിന് അനകൂലമായി ചില നേതാക്കൾ സംസാരിച്ചതിൽ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു.
യുഡിഎഫുമായി ഇനി ചർച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ട. പാർട്ടിയിലെ എംഎൽഎമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജോസഫിന്‍റെ പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാർട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ. എൽഡിഎഫ് പിന്തുണയുണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് വിവരം.
അങ്ങിനെയെങ്കിൽ ഇടത് മുന്നണിയുമായുള്ള പുതിയ സഖ്യത്തിന്‍റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഇതിനൊപ്പം എൻഡിഎയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം യുഡിഎഫിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ വരും നാളുകളിൽ പാർട്ടിയിൽ നിന്ന് മറുപക്ഷത്തേക്ക് കൊഴിഞ്ഞ് പോക്കുണ്ടാകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന മുന്നണിയുടെ ധാരണ തെറ്റിച്ചതിനാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയത്. നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫ് നേതൃത്വം നിർണ്ണായക തീരുമാനമെടുത്തത്. പോരടിച്ച് നീങ്ങിയ ജോസഫ്-ജോസ് പക്ഷങ്ങളെ ഒപ്പം നിർത്തിയുള്ള ഞാണിന്മേൽ കളി നിർത്തി, ജോസിനെ പുറത്താക്കി യുഡിഎഫ് പിന്തുണ ജോസഫിന് ഉറപ്പിക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തുകയായിരുന്നു. കന്‍റോണ്‍മെന്‍റ് ഹൗസിൽ ചർച്ച നടത്തിയ കോൺഗ്രസ് നേതാക്കൾ ലീഗ് അടക്കമുളള്ള ഘടകകക്ഷി നേതാക്കളെ കൂടി അറിയിച്ച ശേഷമാണ് ജോസിനെ തള്ളാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam