
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കുന്നതിന് നിയമപരമായി പ്രശ്നങ്ങളില്ലെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പ്. ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്‌വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. തനിക്കെതിരെ ചിലർ കുപ്രചരണം നടത്തുകയാണെന്ന് ആരോപിച്ച അരുണിമ, ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയാണ് രംഗത്ത് വന്നിരിക്കുന്നത്.
'ചില ആളുകളും മാധ്യമങ്ങളും ട്രാൻസ്ജെൻ്റേർസിന് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കാനാകില്ലെന്ന് പറയുന്നു. എന്നാൽ എന്റെ എല്ലാ രേഖകളിലും താൻ സ്ത്രീയാണ്. വോട്ടർ പട്ടികയിലും ആധാറിലും തെരഞ്ഞെടുപ്പ് ഐഡിയിലുമടക്കം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ജയിക്കാത്ത സീറ്റല്ല വയലാർ. താൻ സ്ഥാനാർത്ഥിയായതോടെ ജയസാധ്യത യുഡിഎഫിനാണ്. അതിനാലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ വസ്തുത വേണ്ടേ. 19 വയസ്സിൽ സർജറി കഴിഞ്ഞതാണ്. നിയമപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അവബോധമില്ലാത്തവരാണ് കുപ്രചാരണം നടത്തുന്നത്. ജീവിക്കാൻ അനുവദിക്കണം. വളരെ വലിയ പോരാട്ടത്തിലൂടെയാണ് ഇവിടെ വരെ എത്തിയത്. ഇങ്ങനെ വീണ്ടും പ്രചാരണങ്ങൾ വരുമ്പോൾ എങ്ങിനെ നേരിടണമെന്ന് അറിയില്ല,' - കരഞ്ഞുകൊണ്ട് അരുണിമ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam