
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരന് പിന്തുണ നല്‍കാൻ യുഡിഎഫ്. ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ പൊതുധാരണ നിലനിന്നിരുന്നു. ജി സുധാകരന്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് വരുന്നത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ജി സുധാകരനെ പിന്തുണക്കുന്നതിൽ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അദ്ദേഹത്തെ പോലെ ഒരാൾ നിയസഭയിൽ ഉണ്ടാകേണ്ടതാണ്. പാർട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനം എടുക്കും. പെട്ടെന്ന് ഒരു പ്രതികരണം സാധ്യമല്ലെന്നും സാഹചര്യം ഞങ്ങൾ വിലയിരുത്തുമെന്നും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന് കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, എന്തിനാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടു. ഒരു ദ്രോഹവും പാർട്ടി ചെയ്തിട്ടില്ല. ഒപ്പം നിർത്തി പോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുധാകരൻ പോകുന്നെങ്കിൽ പോകട്ടെ എന്നായിരുന്നു എം എം മണിയുടെ പ്രതികരണം. പോകരുത് എന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായം. പാർട്ടിക്ക് പുറത്തായാൽ ഞാനും സുധാകരനും ഒക്കെ ഒരുപോലെ. സുധാകരൻ പാർട്ടി വിട്ടാലും തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും മണി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam