
തിരുവനന്തപുരം: കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ആദ്യമായി കണ്ടതിലുള്ള അത്ഭുതം പങ്കുവെച്ച് യുകെയിൽ നിന്നുള്ള യാത്രാ വ്ലോഗര്‍. ഇൻസ്റ്റഗ്രാം വീഡിയോയിലാണ് ഡിയന്ന എന്ന യു.കെ വ്ലോഗര്‍ തന്നെ അമ്പരിപ്പിച്ച പ്രകടനത്തെ കുറിച്ച് പറഞ്ഞത്. വീഡിയോ അതിവേഗം ശ്രദ്ധനേടി. കേരളത്തിൽ എത്തുന്ന സന്ദർശകർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരനുഭവമാണ് കളരിപ്പയറ്റ് എന്ന് വിശേഷിപ്പിച്ചാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്.
'കേരളത്തിൽ വരികയാണെങ്കിൽ നിങ്ങൾ ഇതൊരിക്കലും കാണാതെ പോകരുത്. കളരിപ്പയറ്റ് (പുരാതന ഇന്ത്യൻ ആയോധന കലാരൂപം), എന്ന കുറിപ്പോടെയാണ് വീഡിയോ. തൻ്റെ മുൻ കേരള സന്ദർശനത്തിൽ ഇത് കാണാതെ പോയതിലുള്ള സങ്കടം പങ്കുവെച്ച ഡിയന്ന, പ്രകടനം തന്നെ ആകാംക്ഷയുടെ മുനയിൽ നിർത്തിയെന്നും പറഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ഇത് എല്ലാവരെയും സീറ്റിൽ പിടിച്ചിരുത്തി! ഈ യുവാക്കൾ അതിവിദഗ്ദ്ധരാണെന്നും അവർ കുറിച്ചു. ഇതൊരു തീവ്ര പ്രകടനമാണെന്നും ചില ഭാഗങ്ങൾ ഞാൻ വിരലിനിടയിലൂടെയാണ് കണ്ടത് എന്നും കൂട്ടിച്ചേർത്തു. പ്രകടനത്തിൻ്റെ ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിച്ചുവെന്ന് ഡിയന്ന പറയുന്നു. അവർ തീ പുറത്തെടുത്തപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല, തീ ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ കണ്ടതിലുള്ള വിസ്മയം അവർ പങ്കുവെച്ചുകൊണ്ടാണ് അവര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലാരൂപങ്ങളിൽ ഒന്നാണ് കളരിപ്പയറ്റ്. 3,000 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് പറയുന്നത്. വേഗതയേറിയ ചലനങ്ങൾ, ആയുധ പ്രയോഗങ്ങൾ, മനോഹരമായ മെയ്‌വഴക്കം എന്നിവയ്ക്ക് പേരുകേട്ട കളരിപ്പയറ്റ്, ശാരീരിക ശക്തിയെ ആത്മീയമായ അച്ചടക്കവുമായി സംയോജിപ്പിക്കുന്നു.ലോകത്തിലെ എല്ലാ ആയോധന കലകളുടെയും മാതാവ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. പലപ്പോഴും അത് വളർന്നുവന്ന പ്രാചീന കാലഘട്ടവുമായി ബന്ധപ്പെട്ട് ഏറ്റവും പഴയതു എന്ന നിലയിൽ ആണ് ശ്രദ്ധേയമാകുന്നത്.