
തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസവത്തെ തുടർന്ന് ചികിത്സയിലിരിക്കെ കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം. സ്റ്റഫൈലാകോക്കസ് ബാക്ടീരിയ മൂലമുണ്ടായ അണുബാധ കടുത്താണ് യുവതി മരിച്ചതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. എന്നാൽ ലേബർ റൂമിലോ പ്രസവാനന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങളിലോ അണുബാധ സാഹചര്യം ഇല്ലെന്നാണ് കണ്ടെത്തൽ . അണുബാധയെ ചെറുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ ദിവസങ്ങളിൽ നൂറുകണക്കിന് പ്രസവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആർക്കും അണുബാധ ഏറ്റിട്ടില്ലെന്നും ഡോക്ടർമാരുടെ വിദഗ്ധസമിതി വിലയിരുത്തി.
ഒരാഴ്ച മുമ്പ് ലേബർ റൂമിൽ നിന്നും സാംപിൾ എടുത്ത് നടത്തിയ അണുബാധ ടെസ്റ്റും നെഗറ്റീവ് ആണ്. അതുകൊണ്ടുതന്നെ അണുബാധയേറ്റത് എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറിയത്. പ്രസവം കഴിഞ്ഞ് 25 ന് ഡിസ്ചാർജായ യുവതി വീട്ടിൽ കഴിഞ്ഞത്. ഒരു ദിവസം മാത്രമാണ്. 26ന് പനി കടുത്തതോടെ തിരികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നെ മറ്റെവിടെ നിന്നെങ്കിലും എങ്ങനെ അണുബാധ ഉണ്ടാകും എന്നാണ് കുടുംബം ചോദിക്കുന്നത്.
നീതിക്കായി ഏതറ്റം വരെയും പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം. കണ്ടെത്തലുകളും നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് റിപ്പോർട്ട് ഡിഎംഇ ആരോഗ്യമന്ത്രിക്ക് കൈമാറും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ. ഹൃദ്രോഗിയായ കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിലും മെഡിക്കൽ കോളജ് ആശുപത്രിക്ക് ക്ലിൻ ചിറ്റ് നൽകുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്