
കൊച്ചി: എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി (Sukumaran Nair) കൂടിക്കാഴ്ച്ച നടത്തി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് (Uma Thomas). സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായരുടെ അനുഗ്രഹം താന്‍ നേടി. സന്ദർശനം മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്‍എസ്എസുമായി പി ടി തോമസിന് ആത്മബന്ധമുണ്ടായിരുന്നെന്നും ഉമ വിശദീകരിച്ചു.
എന്നാല്‍ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനെ പാർട്ടി പറഞ്ഞാൽ മാത്രം പോയി കാണുമെന്നും ഉമ തോമസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസിയാണെന്നും അത് അക്ഷരം പ്രതി അനുസരിക്കുമെന്നും ഉമ വ്യക്തമാക്കി. അതേസയമം എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം ഉന്നയിക്കാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. മത്സരത്തെ ആ രീതിയില്‍ കാണാനില്ലെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കര എംഎൽഎയായിരുന്ന പി ടി തോമസിന്റെ മരണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ പി ടിയുടെ ഭാര്യ ഉമ തോമസിനെ ഇറക്കിയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നത്. അതേസമയം ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫാണ് സിപിഎം സ്ഥാനാർത്ഥി.