ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കുള്ള മറുപടി, തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു: ഉമാ തോമസ്

Published : Jun 03, 2022, 01:35 PM ISTUpdated : Jun 03, 2022, 02:16 PM IST
ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കുള്ള മറുപടി, തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു: ഉമാ തോമസ്

Synopsis

ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എൻ്റെ പി.ടിക്ക് സമര്‍പ്പിക്കുകയാണ്. എൻ്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു.


കൊച്ചി: തൃക്കാക്കരയിൽ (Thrikkakara Byelection) നേടിയ ചരിത്രവിജയം പ്രിയപ്പെട്ട് പി.ടി.ക്ക് സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഉജ്ജ്വലവിജയം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പി.ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്ന് വിശ്വാസം സത്യമായതിൽ സന്തോഷമുണ്ടെന്നും ചരിത്ര വിജയത്തിന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. 

ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എൻ്റെ പി.ടിക്ക് സമര്‍പ്പിക്കുകയാണ്. എൻ്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. എന്നാൽ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അവര്‍ക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞു തെരഞ്ഞെടുത്തു. എല്ലാവരോടും ഈ വിജയത്തിൽ നന്ദിയുണ്ട്. നേതാക്കൻമാരോടും തലമുതിര്‍ന്നവരോടും നന്ദിയുണ്ട്. എന്നേക്കാൾ ഊര്‍ജ്ജത്തോടെ നിരവധി പേര്‍ എൻ്റെ വിജയത്തിനായി പ്രയത്നിച്ചു. അഞ്ച് രൂപയുടെ അംഗത്വമുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ വരെ എനിക്കായി മുന്നിട്ടിറങ്ങി. 

കോണ്‍ഗ്രസിലേയും പോഷകസംഘടനകളിലേയും യുഡിഎഫിലെ എല്ലാ നേതാക്കൾക്കും നന്ദി. എകെ ആൻ്റണി, ഉമ്മൻചാണ്ടി, ചെന്നിത്തല, കെസി വേണുഗോപാൽ, വയലാര്‍ രവി, കെ സുധാകരൻ, വിഡി സതീശൻ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളോടും എനിക്ക് നന്ദിയുണ്ട്. ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. നാടിളക്കി എൽഡിഎഫ് നടത്തിയ പ്രചാരണത്തിന് എൻ്റെ തൃക്കാക്കരക്കാര്‍ മറുപടി നൽകി. എൻ്റെ പി.ടി നെഞ്ചേറ്റിയ ഈ നാടാണ് എന്നെ കാത്തത്. തൃക്കാക്കരക്കാര്‍ എന്നെ നെഞ്ചിലേറ്റി. ഞാൻ അവര്‍ക്കൊപ്പമുണ്ട്. എൻ്റെ നൂറു ശതമാനം അവര്‍ക്ക് നൽകും,അവരെന്നെ നയിക്കും. ഞങ്ങൾ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഉജ്ജ്വല വിജയമുണ്ടാവും എന്നു ഞാൻ പറഞ്ഞിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു 99-ൽ അവരെ നിര്‍ത്തുമെന്ന് ആ വാക്ക് പാലിച്ചു. ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയം. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി  ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകളാണ്.  2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.  

എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ  ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും