ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'

Published : Dec 09, 2025, 11:02 AM ISTUpdated : Dec 09, 2025, 11:08 AM IST
uma thomas

Synopsis

കേസിൻ്റെ ഗതി വഴി തിരിച്ചുവിടാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ്.മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശം കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉമ തോമസ് ആരോപിച്ചു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഉമ തോമസ്. താൻ എന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നടത്തിയ ചില പരാമർശങ്ങൾക്കെതിരെയും ഉമ തോമസ് രംഗത്തെത്തി. മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശം കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉമ തോമസ് ആരോപിച്ചു. വിഷയത്തെ വളച്ചൊടിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.ഇതുവരെ പറയാത്ത വാദങ്ങൾ ദിലീപ് ഇപ്പോൾ ഉന്നയിക്കുന്നത് കേസിൻ്റെ ഗതി വഴി തിരിച്ചുവിടാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ്.

വിചാരണക്കോടതിയുടെ വിധി പകർപ്പ് വിശദമായി പഠിച്ചതിനു ശേഷം അടുത്ത നിയമപരമായ നടപടികൾ ആലോചിക്കുമെന്നും ഉമ തോമസ് സൂചന നൽകി. കേസിൽ അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്നത് ആലോചനയിലുണ്ടെന്നും അവർ അറിയിച്ചു. കേസിൽ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉമ തോമസ് സർക്കാരിന് കത്ത് നൽകാൻ ആലോചിക്കുന്നത്. 

മഞ്ജുവിനെതിരെ ദിലീപ് 

നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ്  കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ദിലീപ് ആരോപിച്ചത്. തന്റെ മുൻ ഭാര്യയായ മഞ്ജു വാരിയർ ഗൂഢാലോചന എന്ന വാക്ക് പറഞ്ഞ പിന്നാലെയാണ് തനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചതെന്നും ഇത് തന്റെ കരിയറും ജീവിതവും തകർത്തുവെന്നും ദിലീപ് പറയുന്നു. ജയിലിൽ വെച്ച് പ്രതികളെ കൂട്ടുപിടിച്ച് ചില പോലീസ് ഉദ്യോഗസ്ഥർ കള്ളക്കഥ മെനയുകയായിരുന്നുവെന്നും ഈ കള്ളക്കഥ പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പോലീസിന് കൂട്ടുനിന്നതായും ദിലീപ് ആരോപിച്ചു.

അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനാണ് ദിലീപ് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് 

 

PREV
Read more Articles on
click me!

Recommended Stories

യുഡിഎഫ് അതിജീവിതയ്ക്കൊപ്പം അല്ലെന്ന് വ്യക്തമായി; അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി പി രാജീവ്
അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'