
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ദിലീപിനെ അനുകൂലിച്ചും അപ്പീൽ നൽകുന്നതിനെ എതിര്‍ത്തുമുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനക്കെതിരെ നിയമ മന്ത്രി പി രാജീവ്. കിഴക്കമ്പലത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനയോടെ യുഡിഎഫ് അതിജീവിതക്കൊപ്പം അല്ലെന്ന് വ്യക്തമായെന്ന് പി രാജീവ് പറഞ്ഞു. കേസിലെ വ്യക്തികള്‍ ആരെന്നത് സര്‍ക്കാരിന് പ്രധാനമല്ല. സര്‍ക്കാര്‍ തുടക്കം മുതൽ അതിജീവിതക്കൊപ്പമാണ്. ജഡ്ജിക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. വിധിയെ വിമര്‍ശിക്കാം, പക്ഷേ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ പാടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
നടിയെ ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ, ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. പൂര്‍ണ വിധി വന്നശേഷം കാര്യങ്ങള്‍ പരിശോധിച്ച് അപ്പീൽ നൽകാനാണ് സര്‍ക്കാര്‍ തീരുമാനം. കേസിന്‍റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ യാതൊരുവിധ സമ്മര്‍ദവും അന്വേഷണ സംഘത്തിന് നൽകിയിട്ടില്ല. സ്വതന്ത്രമായി അന്വേഷണം നടത്തിയാണ് പ്രതികളെ കണ്ടെത്തി കുറ്റപത്രം നൽകിയത്. ഈ കേസിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും സര്‍ക്കാര്‍ കാണിച്ചു. ഹേമ കമ്മിറ്റിയെ നിയോഗിച്ച് അവരുടെ ശുപാര്‍ശ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. അതിജീവിതയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ശക്തമായ പ്രോസിക്യൂഷനെ കേസിൽ നിയോഗിച്ചത്. ആറു പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്വാഗതാര്‍ഹമായ വിധിയാണ് ഇപ്പോള്‍ വന്നത്. പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. എന്നാൽ, ഇവിടെ അതുണ്ടാകാത്തത് അന്വേഷണം മികച്ച രീതിയിലായതിനാലാണ്. ഗൂഢാലോചന തെളിഞ്ഞില്ലെന്നാണ് കോടതി വിധി. യുഡിഎഫിന്‍റെ നിലപാടിൽ ഇപ്പോള്‍ അപ്പീൽ നൽകേണ്ടതില്ലെന്നതാണെന്ന് അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനയോടെ വ്യക്തമായി. വ്യക്തി കുറ്റക്കാരനാണോ അല്ലയോ എന്ന് സര്‍ക്കാര്‍ പറയുന്നില്ല. അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നൽകി. അപ്പീൽ പോകുകയെന്ന സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. അത് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ കേരളത്തിന്‍റെ പൊതുബോധം അതിജീവിതക്കൊപ്പമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും. കൊട്ടാരക്കര മാര്‍ത്തോമാ സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിധിയെ വിമര്‍ശിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്തെത്തി. വിധി നീതിപൂര്‍വമല്ലെന്നും കുറ്റവാളികളെ കണ്ടെത്തിയെങ്കിലും അതിന് പ്രേരണ നൽകിയവരെ കണ്ടെത്തിയിട്ടില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അതിജീവിതമാർക്ക് ധൈര്യത്തോട ജീവിക്കാൻ കേരളത്തിൽ കഴിയണമെന്നും നീതി നിഷേധിക്കപ്പെട്ടെന്ന തോന്നൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. സർക്കാരും മുന്നണിയും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും എംഎ ബേബി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കും. തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്. പൊതുരാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകുമെന്നും എംഎ ബേബി പറഞ്ഞു.