
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേൽക്കാനിടയായ സംഭവത്തിലെ പ്രധാന പ്രതി നികോഷ് കുമാർ ഇന്ന് പൊലീസ് മുമ്പാകെ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്താനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്. കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദം എന്ന പേരിൽ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്‍റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാർ. ഇയാൾ ഹാജരായാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമാ തോമസിന് പരിക്കേറ്റ കേസിൽ മാത്രമല്ല സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും പിടിവീഴും. ഹാജരായില്ലെങ്കിൽ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
എന്നാൽ, മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാർ പറയുന്നത്. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. 3.10 കോടി രൂപ ചിലവായി. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നൽകിയില്ല. 2900 രൂപയാണ് പരിപാടിയിൽ പങ്കെടുക്കാനായി ഒരാളിൽ നിന്ന് വാങ്ങിയത്. അതിലാണ് സാരി നൽകിയത്. 1600 വേറെ വാങ്ങിയില്ല. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാൾക്ക് വാഗ്ദാനം ചെയ്തത്. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജിഎസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് 3 കോടി 56 ലക്ഷം. ഒരു രൂപ പോലും സാരി ഇനത്തിൽ അധികമായി വാങ്ങിയിട്ടില്ല. ജിഎസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി അതിൽ സാരിയുടെ 390 രൂപയും ഉൾപ്പെടുന്നു. ഇൻഡിവിജ്വലായി ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് അതിനുള്ള പ്രോസസിംഗ് ടൈം.
എംഎൽഎക്ക് സംഭവിച്ച അപകടത്തിൽ ഖേദിക്കുന്നു. റെക്കോർഡ് പൂർത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഞങ്ങൾ ഉപേക്ഷിച്ചു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു. പല സ്ഥലങ്ങളിൽ നിന്നും എത്തിയ ആളുകളാണ്. അവരെ മടക്കി അയക്കാൻ കഴിയില്ല. കൊച്ചിയിലെ ഇവൻ മാനേജ്മെൻറ് കമ്പനിയാണ് പെർമിഷൻ കാര്യങ്ങൾ നോക്കിയത്. അതിനുള്ള പണം അവർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ പെർമിഷനും അവർ എടുത്തിട്ടുണ്ട് എന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് കുമാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam