ദൈവ നാമത്തിൽ സത്യപ്രതിജ്ഞ; പിടി തോമസിന്‍റെ പിന്‍ഗാമിയായി ഉമാ തോമസ്

Published : Jun 15, 2022, 12:13 PM ISTUpdated : Jun 15, 2022, 12:22 PM IST
ദൈവ നാമത്തിൽ സത്യപ്രതിജ്ഞ; പിടി തോമസിന്‍റെ പിന്‍ഗാമിയായി ഉമാ തോമസ്

Synopsis

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം: തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാ തോമസ് പങ്കെടുക്കും.

കെ കെ രമ കഴിഞ്ഞാൽ, യുഡിഎഫിലെ രണ്ടാമത്തെ വനിതാ എംഎൽഎയായി മാറിയിരിക്കുകയാണ് ഉമാ തോമസ്. കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം കൂടിയാണ് ഉമ തോമസിന്‍റേത്. അൻപത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980 - 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82-ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84 ൽ കെ.എസ്.യു.വിന്റെ പാനലിൽ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റായിരുന്ന പി ടി തോമസിന്‍റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോൽപ്പിച്ചാണ് തൃക്കാക്കരയുടെ ഹൃദയം കവരുന്ന ഉമ തോമസ് നിയമസഭയുടെ പടികള്‍ കയറുന്നത്. 

തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിന്‍റെ വർധനവുണ്ടായി. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ  ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

2 മക്കളാണ് പി.ടി.ക്കും ഉമയ്ക്കും: ഡോ.വിഷ്ണു തോമസ് (അസി. പ്രൊഫസർ , അൽ അസർ ഡെന്‍റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലോ കോളേജ്, തൃശൂർ)

മരുമകൾ : ഡോ.ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും